യുഎഇയില്‍ ബയോ-ബബിള്‍ സംവിധാനത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരിട്ടെത്തിയാണ് ടൂര്‍ണമെന്റ് ഒരുക്കിയത്.
മുംബൈ: കൊവിഡ് 19 മഹാമാരിക്കിടയിലും ഐപിഎല്‍ പതിമൂന്നാം സീസണ്‍ വിജയകരമായിട്ടാണ് ബിസിസിഐ സംഘടിപ്പിച്ചത്. യുഎഇയില്‍ ബയോ-ബബിള്‍ സംവിധാനത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരിട്ടെത്തിയാണ് ടൂര്‍ണമെന്റ് ഒരുക്കിയത്. ഐപിഎല്‍ കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാംഗുലി പറയുന്നത് കഴിഞ്ഞ നാലര മാസത്തിനിടെ 22 കൊവിഡ് പരിശോധനകള്‍ക്ക് താന്‍ വിധേയനായി എന്നാണ്.
22 കൊവിഡ് പരിശോധന
'കഴിഞ്ഞ് നാലര മാസത്തിനിടെ 22 തവണ കൊവിഡ് പരിശോധന നടത്തി. ഒരിക്കല്‍ പോലും പോസിറ്റീവായില്ല. എന്റെ ചുറ്റിലും കൊവിഡ് കേസുകളുണ്ടായിരുന്നു. അതിനാലാണ് തുടര്‍ച്ചയായി പരിശോധനകള്‍ക്ക് സ്വയം തയ്യാറായത്. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ ദുബായിലേക്ക് യാത്ര ചെയ്തു. ഒരാള്‍ക്കും കൊവിഡ് പടര്‍ന്നുകൊടുക്കാന്‍ പാടില്ല എന്നതിനാല്‍ ഭയമുണ്ടായിരുന്നു' എന്നും ഗാംഗുലി പറഞ്ഞു.
ഓസീസ് പര്യടനം, ഭയം വേണ്ട
'ഓസ്ട്രേലിയയില്‍ താരങ്ങളെല്ലാം സുരക്ഷിതമാണ്. അവിടെ വളരെയധികം കൊവിഡ് രോഗികളില്ല. ഓസ്ട്രേലിയ അവരുടെ രാജ്യാതിര്‍ത്തികള്‍ അടച്ചിരുന്നു. അന്താരാഷ്ട്ര യാത്രകളുടെ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മൈതാനത്തിറങ്ങാന്‍ താരങ്ങളെല്ലാം കാത്തിരിക്കുകയാണ്'.
ഐപിഎല്‍ വിജയത്തില്‍ അഭിമാനം
ഐപിഎല്‍ യുഎഇയില്‍ മനോഹരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞു ബിസിസിഐ പ്രസിഡന്റ്. 'ബയോ-ബബിളില്‍ 400ഓളം ആളുകളാണ് താമസിച്ചിരുന്നത്. എല്ലാവരും സുരുക്ഷിതരാണ് എന്നുറപ്പിക്കാന്‍ മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ കൊവിഡ് പരിശോധനകളാണ് രണ്ടര മാസത്തിലേറെ കാലയളവില്‍ നടത്തിയത്' എന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
