സ്പോര്‍ട്സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന സംഘമായിരിക്കും ഈ കേസിലും അന്വേഷണം നടത്തുക.  

കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്നുള്ള ആരോപണത്തില്‍ ശ്രീലങ്ക ക്രിമിനല്‍ അന്വേഷം ആരംഭിച്ചു. മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ് ഒത്തുകളി നടന്നിട്ടുണ്ടെന്നുള്ള കാര്യം പുറത്തുവിട്ടത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ലങ്കന്‍ കായിക മന്ത്രാലയത്തിലെ സെക്രട്ടറി കെഡിഎസ് റുവാന്‍ചന്ദ്ര അറിയിച്ചു. സ്പോര്‍ട്സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന സംഘമായിരിക്കും ഈ കേസിലും അന്വേഷണം നടത്തുക. 

നേരത്തെ കായികമന്ത്രി ഡള്ളാസ് അലാഹ്‌പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരന്നു. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്് അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ മുന്‍ ക്യാപ്റ്റനും 2011ലെ ടീമിന്റെ മുഖ്യ സെലക്ടറുമായിരുന്ന അരവിന്ദ ഡിസില്‍വയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

മുന്‍ കായികമന്ത്രി അലുത്ഗമേജ് ഇങ്ങനെയൊരു ആരോപണം നടത്തിയെങ്കിലും തെളിവൊന്നും നിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തെളിവുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുപറുകയായിരുന്നു. എന്നാല്‍ മുന്‍ മന്ത്രിയുടെ ആരോപണത്തിനെതിരേ 2011ലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ടീമംഗമായിരുന്ന മുന്‍ നായകന്‍ മഹേല ജയവര്‍ധനെ എന്നിവര്‍ രംഗത്തു വന്നിരുന്നു. ലോകകപ്പില്‍ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്തു വിടാനായിരുന്നു ഇരുവരും ആവശ്യപ്പെട്ടത്.

ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.