കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കരുത്തായി ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ റൂട്ടിന്‍റെ ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയുടെ 381 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു.

186 റണ്‍സെടുത്ത റൂട്ട് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ആദ്യ ടെസ്റ്റിലും റൂട്ട് ഡബിള്‍ സെഞ്ചുറി(228) നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ പത്തൊമ്പതാം സെഞ്ചുറി നേടിയ റൂട്ട് ഇംഗ്ലണ്ടിനായുള്ള റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തെത്തി.

ലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇംഗ്ളണ്ട് നാലു മത്സര ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയിലേക്കാണ് വരുന്നത്. തുടര്‍ച്ചയായ രണ്ടാം സെ്ചുറിയിലൂടെ ഇന്ത്യൻ ബൗളർമാർക്ക് ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ നൽകിയിരിക്കുന്നത്.