അത്യാവശ്യം ബാറ്റ് പിടിക്കാനറിയാവുന്ന പത്താനെ ഓള്‍ റൗണ്ടറായി വളര്‍ത്താനായിരുന്നു ചാപ്പല്‍ ശ്രമിച്ചത്. ഇതോടെ പലപ്പോഴും വണ്‍ ഡൗണായി വരെ പത്താന്‍ ക്രീസിലിറങ്ങി.
ബറോഡ: ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഓള്‍ റൗണ്ടറോ സ്വിംഗ് ബൗളറോ ഒക്കെ ആകേണ്ടിയിരുന്ന കളിക്കാരനാണെന്ന് വിശ്വിസിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യന്‍ ആരാധകരും. സ്വിംഗ് കൊണ്ട് ആരാധകരെ അമ്പരപ്പിച്ച പത്താന്‍ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കളിയിലെ കേമനായി കരിയറില്‍ ശരിയായ പാതയിലായിരുന്നു.
എന്നാല്‍ ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായതോടെ പത്താനിലെ ബൗളറെക്കാളുപരി പത്താനിലെ ബാറ്റ്സ്മാനെ വളര്‍ത്തിയെടുക്കാനായി ശ്രമം. അത്യാവശ്യം ബാറ്റ് പിടിക്കാനറിയാവുന്ന പത്താനെ ഓള്‍ റൗണ്ടറായി വളര്‍ത്താനായിരുന്നു ചാപ്പല്‍ ശ്രമിച്ചത്. ഇതോടെ പലപ്പോഴും വണ്‍ ഡൗണായി വരെ പത്താന്‍ ക്രീസിലിറങ്ങി.
ഇതോടെ ബാറ്റിംഗില്‍ ശ്രദ്ധിക്കണോ ബൗളിംഗില്‍ ശ്രദ്ധിക്കണോ എന്ന ആശയക്കുഴപ്പത്തിലായ പത്താന്‍ ഒടുവില്‍ രണ്ട് വിഭാഗങ്ങളിലും ഫോം ഔട്ടായി. പരിക്കും ഫോമില്ലായ്മയും മൂലം ടീമിന് പുറത്തായ പത്താന്‍ പിന്നീട് ടീമിലെ സന്ദര്‍ശകന്‍ മാത്രമായി. ഇപ്പോള്‍ പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും ആരാധകരുടെ കലി മുഴുവന്‍ ചാപ്പലിനോടാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ രോഷം പ്രകടനവുമായി രംഗത്തെത്തുകയും ചെയ്തു.
