ടൈം ഔട്ട് സമയത്ത് ഗ്രൗണ്ടിലെത്തിയ ഗംഭീര്‍, കോലിയെ ആശ്ലേഷിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഏഴ വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരെയ്ന്‍ (47), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി.

കിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വന്ന പോരാട്ടം കൂടിയായിരിന്നു കഴിഞ്ഞത്. ഇരുവരും ഒരിക്കല്‍കൂടി നേര്‍ക്കുനേര്‍ വന്നപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പലതും പ്രതീക്ഷിച്ചു. ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകോര്‍ത്തിട്ടുണ്ട്. 2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല. ലക്നൗ സൂപ്പര്‍ ജയന്‍സ് ആര്‍സിബി മത്സരത്തിനിടെയുള്ള ഈ രംഗം ആരാധകര്‍ മറന്നു കാണില്ല. ലക്നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ വന്നു. 

വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലക്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുകളാണെന്ന് ഈയിടെ വിരാട് കോലിയും ഗൗതം ഗംഭീറും വ്യക്തമാക്കിയതാണ്. അത് ചിന്നസ്വാമിയിലും കണ്ടു. ടൈം ഔട്ട് സമയത്ത് ഗ്രൗണ്ടിലെത്തിയ ഗംഭീര്‍, കോലിയെ ആശ്ലേഷിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ കാണാം...

Scroll to load tweet…

ഇതിനെകുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും ഇപ്പോള്‍ കമന്റേറ്റര്‍മാരുമായ രവി ശാസ്്ത്രിയും സുനില്‍ ഗവാസ്‌കറും. ഈ ഒരു കെട്ടിപിടുത്തതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിക്കുമെന്ന് ശാസ്ത്രി വിക്തമാക്കി. വെറും ഫെയര്‍ പ്ലേ അവാര്‍ഡ് മാത്രമല്ല, ഓസ്‌കര്‍ വരെ കിട്ടുമെന്ന് ഗവാസ്‌ക്കറുടെ മറുപടി. 

ഗംഭീര തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (20 പന്തില്‍ 30) നരെയ്ന്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. നരെയ്നെ വിജയ്കുമാര്‍ വിശാഖ് ബൗള്‍ഡാക്കി. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്ന്റെ ഇന്നിംഗ്സ്. വൈകാതെ സാള്‍ട്ടും മടങ്ങി. എന്നാല്‍ വെങ്കടേഷ് - ശ്രേയസ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനരികെ വെങ്കടേഷ് വീണെങ്കിലും റിങ്കു സിംഗിനെ (5) കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ (39) ടീമിനെ വിജയത്തിലേക്ക് നയിച്ചു.