സഞ്ജു സ്ഥിരതയോടെ കൂടുതല്‍ റണ്‍സടിച്ചിരുന്നെങ്കില്‍ ഏഷ്യാ കപ്പ് ടീമില്‍ ഉറപ്പായും സഞ്ജു ഉണ്ടാകുമായിരുന്നുവെന്ന് സുനില്‍ ഗവാസ്കര്‍
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഏഷ്യാ കപ്പിനുള്ള ടീമില്‍ റിസര്‍വ് താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും 17 അംഗ ടീമില്‍ സഞ്ജുവിന് ഇടമുണ്ടായിരുന്നില്ല. കുല്‍ദീപ് യാദവിനെ പ്രധാന സ്പിന്നറായി ടീമിലെടുത്തപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ പുറത്താവുകയും ചെയ്തു.
സഞ്ജു സ്ഥിരതയോടെ കൂടുതല്‍ റണ്‍സടിച്ചിരുന്നെങ്കില്‍ ഏഷ്യാ കപ്പ് ടീമില്‍ ഉറപ്പായും സഞ്ജു ഉണ്ടാകുമായിരുന്നുവെന്ന് സുനില്‍ ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. അവന് 29 വയസെ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ ഇതവന്‍റെ അവസാന ലോകകപ്പാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ടീമിലെത്താന്‍ അവന് മുന്നില്‍ ഇഷ്ടംപോലെ സമയമുണ്ട്. അതുപോലെ തന്നൊണ് ചാഹലിന്‍റെ കാര്യവും. ചില സമയം ടീം ബാലന്‍സും ബാറ്റിംഗ, ഫീല്‍ഡിംഗ് മികവുകള്‍ കൂടി പരിഗണിക്കേണ്ടതായി വരും. ചാഹലിന് പകരം കുല്‍ദീപിനെ ടീമിലെടുക്കാന്‍ കാരണം, അയാള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തടുത്തത് കൊണ്ടാണ്. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മികച്ച ടീമിനെയാണെന്നും അവരെ പിന്തുണക്കുകയാണ് വേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നു. ഏകദിനത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും ടി20 പരമ്പരയില്‍ തിളങ്ങാനായില്ല. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന ചാഹലാകട്ടെ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.
