അവസാനം കളിച്ച 19 മത്സരങ്ങളില്‍ നിന്ന് 123.2 സ്ട്രൈക്ക് റേറ്റില്‍ 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയശേഷമുള്ള സൂര്യകുമാറിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്.
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയതായിരുന്നു വലിയ വാര്‍ത്ത. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതാണ് ഗില്ലിനെ പുറത്താക്കാൻ കാരണമായത്. കഴിഞ്ഞ 15 ടി20 മത്സരങ്ങളില്‍ 137 സ്ട്രൈക്ക് റേറ്റില്‍ 291 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്.
എന്നാല്‍ ടി20യില്‍ ഗില്ലിനെക്കാള്‍ മോശം റെക്കോര്‍ഡായിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുകയും ചെയ്തു. അവസാനം കളിച്ച 19 മത്സരങ്ങളില്‍ നിന്ന് 123.2 സ്ട്രൈക്ക് റേറ്റില്‍ 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയശേഷമുള്ള സൂര്യകുമാറിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്.
എന്നാല്‍ ഗില്ലിനെ പുറത്താക്കിയിട്ടും സൂര്യകുമാറിനെ നിലിനിര്‍ത്താൻ കാരണമായത് ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രമാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗംഭീറിന് കീഴില്‍ ക്യാപ്റ്റൻസി പരിരക്ഷ സൂര്യകുമാറിന് അധികകാലം നീട്ടിക്കിട്ടാന്‍ ഇടയില്ലെന്നും ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഫോം വീണ്ടെടുക്കേണ്ടത് സൂര്യകുമാറിന് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം ഫോമിലാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീം പുറത്തെടുക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും സെലക്ടര്‍മാര്‍ കണക്കിലെടുത്തു, ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റനെ മാറ്റുന്നത് ടീമിലെ അന്തരീക്ഷം മാറ്റിമറിക്കാനിടയുണ്ടെന്നും സെലക്ടര്‍മാര്‍ പരിഗണിച്ചു.
ഇതൊക്കെയാണെങ്കിലും ടീമിലെ പദവിയോ, മുന്‍കാല പ്രകടനങ്ങളോ ഭാവിയില്‍ സൂര്യകുമാറിന് ടീമിലെ സ്ഥാനം ഉറപ്പുനല്‍കുന്നില്ലെന്നും ഇന്ന് ഗില്ലാണെങ്കില്‍ നാളെ സൂര്യകുമാര്‍ ആവും പുറത്തുപോകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍.


