ഏഴുമാസത്തെ ഇടവേള ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉറപ്പ് നല്‍കി.
ദുബായ്: ട്വന്റി 20യില്‍ ഏഴുമാസത്തെ ഇടവേള ഇന്ത്യന്‍ ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണെ കളിപ്പിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം പ്രതീക്ഷിക്കാമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഏഷ്യാകപ്പിന് മുന്നോടിയായി മറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിത് ശര്‍മ വിരമിച്ചതോടെ നായകനായ സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റ്.
സൂര്യകുമാര്‍ നയിച്ച 22 മത്സരങ്ങളില്‍ 17ലും ഇന്ത്യക്ക് ജയം. ഏഷ്യാ കപ്പില്‍ സൂര്യക്ക് മുന്നില്‍ ഇതുവരെയില്ലാത്ത വെല്ലുവിളി. അന്താരാഷ്ട്ര ടി20യിലെ നീണ്ട ഇടവേള ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍. പാകിസ്ഥാനുമായുള്ള മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ട്വന്റി 20യില്‍ പ്രവചനങ്ങള്‍ അസാധ്യമെന്നും ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനം കളിയുടെ ഗതിയാകെ മാറ്റുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പുറത്തിരുത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ തയാറായേക്കില്ലെന്നാണ് സൂചന. ദുര്‍ബലരായ എതിരാളികളാണ് യുഎഇ എങ്കിലും ബുധനാഴ്ചയിലെ മത്സരത്തില്‍ ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ ഇറക്കാന്‍ ഇന്ത്യ തയാറായേക്കുമെന്നാണ് കരുതുന്നത്. കാരണം, 14ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികളെന്നതിനാല്‍ ഇന്ത്യ അധികം പരീക്ഷണങ്ങള്‍ക്ക് തയാറായേക്കില്ല. സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഓപ്പണര്‍മാരായി നിലനിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയാണ് മുന്നിലുളളത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.

