തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം നാളെ വിദർഭയെ നേരിടും. രാവിലെ ഒൻപതരയ്‌ക്ക് തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. 

കേരളം ഇന്നലെ 75 റൺസിന് മണിപ്പൂരിനെ തകർത്തിരുന്നു. കേരളത്തിന്‍റെ 149 റൺസ് പിന്തുടർന്ന മണിപ്പൂരിന് 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പടെ അഞ്ചു റണ്‍ മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ എം മിഥുന്റെ ഉജ്വല പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. 

48 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്‌കോറ‍ർ. 35 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും ഉൾപ്പടെയാണ് സച്ചിൻ 48 റൺസെടുത്തത്. ഇന്ത്യൻ ടീമിൽ നിന്ന് തിരികെ എത്തിയ സഞ്ജു സാംസൺ 12 റൺസെടുത്തു.