സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാനാവും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ദുബായ്: ടി20 ലോകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ((Team India) ) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിനുശേഷം(IPL 2021) ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്(Eoin Morgan) വിശ്രമം നല്‍കിയപ്പോള്‍ ജോസ് ബട്‌ലറാണ്(Jos Buttler) ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്.

രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ആയിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ടോസ് സമയത്ത് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ഐപിഎല്ലിലെ ഫോം വെച്ചു നോക്കുമ്പോള്‍ രാഹുല്‍ അല്ലാതെ മറ്റൊരു കളിക്കാരെ ഓപ്പണര്‍ സ്ഥാനത്ത് ചിന്തിക്കാനാവില്ലെന്നും കോലി വ്യക്തമാക്കി. രാഹുലും രോഹിത്തും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ താന്‍ മൂന്നാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങുകയെന്നും കോലി പറഞ്ഞു.

സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാനാവും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി 20യിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂർണമെന്‍റ് കൂടിയാണിത്. ഞായറാഴ്‌ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍.