ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 54 പന്തില്‍ പുറത്താകാതെ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും 46 റണ്‍സെട‍ുത്ത നിക്കോളാസ് പുരാനും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു.

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup) സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) 20 റണ്‍സിന്‍റെ തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് (West Indies). ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ക്രിസ് ഗെയ്‌ലും(Chris Gayle) ആന്ദ്രെ റസലും(Andre Russell) ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം(Kieron Pollard) നിരാശപ്പെടുത്തിയപ്പോള്‍ 54 പന്തില്‍ പുറത്താകാതെ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും(Shimron Hetmyer) 46 റണ്‍സെട‍ുത്ത നിക്കോളാസ് പുരാനും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. വിന്‍ഡീസ് നിരയില്‍ മറ്റ് ബാറ്റര്‍മാരാരും രണ്ടക്കം കടന്നില്ല. ലങ്കക്കായി വാനിന്ദു ഹസരങ്കയും ചമിക കരുണരത്നെയും ബിനുരാ ഫെര്‍ണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 189-3, വെസ്റ്റ് ഇൻഡീസ് ഓവറില്‍ 20 ഓവറില്‍ 169-8.

ശ്രീലങ്കക്കെതിരായ തോല്‍വിയോടെ ഒരു മത്സരം ബാക്കിയിരിക്കെ വിന്‍ഡീസ് സെമി കാണാതെ പുറത്തായി. ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം ജയിച്ചാലും വിന്‍ഡീസിന് സെമിയിലെത്താനാവില്ല. വിന്‍ഡീസിന്‍റെ തോല്‍വിയോടെ ഗ്രൂപ്പില്‍ ഒന്നില്‍ നിന്ന് ഇംഗ്ലണ്ട് സെമിയിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തിനായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ശ്രീലങ്ക അശ്വാസജയവുമായി ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചു.

വെടിക്കെട്ടില്ലാതെ വിന്‍ഡീസ്

View post on Instagram

ദീപാവലി ദിനത്തില്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു വിന്‍ഡീസിന്‍റെ പ്രകടനം. അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ രണ്ടാം ഓവറില്‍ മടങ്ങിയപ്പോള്‍ അതേ ഓവറില്‍ എവിന്‍ ലൂയിസിനെയും(6 പന്തില്‍ 8) മടക്കി ബിനുരാ ഫെര്‍ണാണ്ടോ ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. വണ്‍ ഡൗണായി ക്രീസിലെത്തിയ റോസ്റ്റണ്‍ ചേസിനും ക്രീസില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. എട്ടു പന്തില്‍ 9 റണ്‍സെടുത്ത ചേസിനെ കരുണരത്നെ മടക്കി. പുരാനും ഹെറ്റ്മെയറും ചേര്‍ന്ന് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി.

ഗോള്‍ഡന്‍ ഡക്കായി പൊള്ളാര്‍ഡ്

പുരാനെ(34 പന്തില്‍ 46) മടക്കി ചമീര വിന്‍ഡീസിന്‍റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയപ്പോള്‍ ആന്ദ്രെ റസലിനെ(4 പന്തില്‍ 2) വീഴ്ത്തി കരുണരത്നെയും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ഹസരങ്കയും വിന്‍ഡീസിന്‍റെ പ്രതീക്ഷകള്‍ക്കുമേല്‍ അവസാന ആണിയും അടിച്ചു. വാലറ്റത്തെക്കൂട്ടുപിട്ട് ,ഷിമ്രോണ്‍ ഹെറ്റമെയര്‍ നടത്തിയ ചെറുത്തുനില്‍പ്പിന് വിന്‍ഡീസിന്‍റെ തോല്‍വിഭാരം കുറക്കാനായെന്ന് മാത്രം. 54പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ഹെറ്റ്മെയര്‍ എട്ട് ഫോറും നാല് സിക്സും പറത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെയും(Charith Asalanka) പാതും നിസങ്കയുടെയും(Pathum Nissanka) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. 41 പന്തില്‍ 68 റണ്‍സെടുത്ത അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. പാതും നിസങ്ക 41 പന്തില്‍ 51 റണ്‍സെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വയിന്‍ ബ്രാവോ ഓരു വിക്കറ്റും വീതം വീഴ്ത്തി.

അസലായി ലങ്ക

ലങ്കക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 21 പന്തില്‍ 29 റണ്‍സടിച്ച കുശാല്‍ പേരേരയെ മടക്കി ആന്ദ്രെ റസല്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് അടിച്ചുകൂട്ടി അസലങ്കയും നിസങ്കയും ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. പതിനാറാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിനായത്. അപ്പോഴേക്കും സ്കോര്‍ 133 ല്‍ എത്തിയിരുന്നു.

View post on Instagram

41 പന്തില്‍ 51 റണ്‍സെടുത്ത നിസങ്കയെ ബ്രാവോ മടക്കിയെങ്കിലും ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും അസലങ്കയും അഴസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് ബൗളര്‍മാരുടെ പിടി അയഞ്ഞു. 14 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന ഷനകയും മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത ചമിക കരുണരത്നെയും പുറത്താകാതെ നിന്നു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് അസലങ്കയുടെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറിലാണ് അസലങ്ക പുറത്തായത്. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ നാലോവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു