119 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി കര്‍ടിസ് കാംഫെറും ജോര്‍ജ് ഡോക്‌റെല്ലുമാണ് അയര്‍ലന്‍ഡിന്‍റെ വിജയശില്‍പികള്‍

ഹൊബാര്‍ട്: ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം ജയത്തിനുള്ള സ്കോട്‌ലന്‍ഡിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് അയര്‍ലന്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ടിഷ് പടയെ അയര്‍ലന്‍ഡ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 177 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ അയര്‍ലന്‍ഡ് നേടി. വെറും 9.3 ഓവറില്‍ 119 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി കര്‍ടിസ് കാംഫെറും ജോര്‍ജ് ഡോക്‌റെല്ലുമാണ് അയര്‍ലന്‍ഡിന്‍റെ വിജയശില്‍പികള്‍. കര്‍ടിസ് 32 പന്തില്‍ 72* റണ്‍സുമായി പുറത്താകാതെ നിന്നു. താരം രണ്ട് വിക്കറ്റും വീഴ്‌ത്തി. രാജ്യാന്തര ടി20യില്‍ അയര്‍ലന്‍ഡിന്‍റെ ഉയര്‍ന്ന റണ്‍ചേസാണിത്. 

ഹൊബാര്‍ടിലെ ബെലെറിവ് ഓവലില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 176 റണ്‍സെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മന്‍സി നേരിട്ട രണ്ടാമത്തെ പന്തില്‍ ഒരു റണ്ണില്‍ പുറത്തായെങ്കിലും 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 86 റണ്‍സെടുത്ത മൈക്കല്‍ ജോണ്‍സും 27 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണും 13 പന്തില്‍ പുറത്താകാതെ 17* റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കുമാണ് സ്കോട്‌ലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ മാത്യൂ ക്രോസ് 21 പന്തില്‍ 28 റണ്‍സ് നേടി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കാലും മക്‌ലിയോഡിനെ(3 പന്തില്‍ 0) ടക്കര്‍ റണ്ണൗട്ടാക്കി.

അയര്‍ലന്‍ഡ് ബൗളര്‍മാരില്‍ കര്‍ടിസ് കാംഫെര്‍ രണ്ട് ഓവറില്‍ 9 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. ജോഷ്വ ലിറ്റില്‍ നാല് ഓവറില്‍ 30 റണ്‍സിനും മാര്‍ക്ക് അഡെയ്‌ര്‍ 23 റണ്ണിനും ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗല്‍ സ്റ്റാര്‍ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ നാലാം ഓവറില്‍ സഫ്‌യാന്‍ ഷരീഫ് മടക്കിയെങ്കിലും അയര്‍ലന്‍ഡ് തകര്‍ന്നില്ല. ക്യാപ്റ്റന്‍ അന്‍ഡ്രൂ ബാല്‍ബിര്‍നീ 12 പന്തില്‍ 14നും വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കര്‍ 17 പന്തില്‍ 20നും ഹാരി ടെക്‌റ്റര്‍ 16 പന്തില്‍ 14നും മടങ്ങിയതും ഐറിഷ് ടീമിനെ ബാധിച്ചില്ല. അഞ്ചാം വിക്കറ്റില്‍ 119 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി കര്‍ടിസ കാംഫെറും ജോര്‍ജ് ഡോക്‌റെല്ലും അയര്‍ലന്‍ഡിനെ ജയിപ്പിച്ചു. കാംഫെര്‍ 32 പന്തില്‍ 72 ഉം ഡോക്‌റെല്‍ 27 പന്തില്‍ 39 ഉം റണ്‍സുമായി പുറത്താകാതെനിന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിന്‍റെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വെയോട് 31 റണ്‍സിന് അയര്‍ലന്‍ഡ് പരാജയം രുചിച്ചിരുന്നു. 

ഗാബയില്‍ കനത്ത മഴ; അഫ്‌ഗാന്‍-പാക് കളി ഉപേക്ഷിച്ചു; ഇന്ത്യയുടെ വാംഅപ് മത്സരത്തിനും ഭീഷണി