കാത്തുകിട്ടിയ കിരീടം ആഘോഷിച്ചും ആഹ്ലാദിച്ചും കഴിയുന്നില്ല ടീമിനും ആരാധകര്‍ക്കും

മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024 ജേതാക്കളായ ഇന്ത്യൻ ടീമിന് മുംബൈയില്‍ നല്‍കിയ സ്വീകരണത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. താരങ്ങള്‍ നൃത്തം ചെയ്യുന്നതും വന്ദേമാതരം ആലപിക്കുന്നതും വീഡിയോയിലുണ്ട്. വളരെ വൈകാരികമായി സംസാരിക്കുന്ന ക്യാപ്റ്റൻ രോഹിത് ശര്‍മ്മയേയും ദൃശ്യങ്ങളില്‍ കാണാം.

Scroll to load tweet…

കാത്തുകിട്ടിയ കിരീടം ആഘോഷിച്ചും ആഹ്ലാദിച്ചും കഴിയുന്നില്ല ടീമിനും ആരാധകര്‍ക്കും. ടി20 ലോകകപ്പ് ജയത്തിന് ശേഷം മുംബൈയില്‍ ലഭിച്ച വലിയ വരവേല്‍പ്പില്‍ അമ്പരക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2007ലെ ആദ്യ ട്രോഫി പരേഡിനെ പറ്റിയും രോഹിത് ഓര്‍ക്കുന്നു. രാജ്യത്തിന്‍റെയാകെ കിരീടമെന്നാണ് രോഹിത് ചടങ്ങിനിടെ പറഞ്ഞത്. ആരാധകരാല്‍ നിറഞ്ഞ വാങ്കഡെയും മുംബൈ നഗരവും താരങ്ങളെയും ആവേശത്തിലാക്കി. കിരീടം ആരാധകര്‍ക്കായി പല തവണ താരങ്ങള്‍ ഉയര്‍ത്തികാട്ടിയിരുന്നു. ഒടുവില്‍ എല്ലാവരുമൊന്നിച്ച് നൃത്തം ചവിട്ടിയത് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ കാഴ്‌ചയായി. ടെസ്റ്റ് ലോക കിരീടമുള്‍പ്പടെ നാട്ടിലെത്തിക്കാന്‍ ഈ ലോകകപ്പ് ഇന്ത്യന്‍ ടീമിന് ഊര്‍ജമാകും എന്ന് കരുതാം. 

Scroll to load tweet…

ബാര്‍ബഡോസില്‍ നീണ്ട 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് 2024 ഉയര്‍ത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 169-8 എന്ന സ്കോറില്‍ ഒതുക്കി ഇന്ത്യ ഏഴ് റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടുകയായിരുന്നു. 59 പന്തില്‍ 76 റണ്‍സുമായി സൂപ്പര്‍ താരം വിരാട് കോലി ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയായിരുന്നു ടൂര്‍ണമെന്‍റിന്‍റെ താരം. കിരീടത്തോടെ രോഹിത്തും കോലിയും രാജ്യാന്തര ട്വന്‍റി 20 കരിയര്‍ അവസാനിപ്പിച്ചിരുന്നു. 

Scroll to load tweet…

Read more: മലയാളി പൊളിയല്ലേ... അഭിമാന നിമിഷം; ലോകകപ്പ് മെഡലണിഞ്ഞ് നിറപുഞ്ചിരിയോടെ സഞ്ജു പറന്നിറങ്ങി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം