Asianet News MalayalamAsianet News Malayalam

പൂജാരയുടെ സ്ഥാനം തെറിച്ചേക്കും; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വ്യാപക മാറ്റത്തിന് സാധ്യത

ടീമില്‍ പേസ് ഓള്‍റൗണ്ടര്‍ വേണമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നും കോലി പറഞ്ഞിരുന്നു.

team India may make significant changes in England series
Author
London, First Published Jun 26, 2021, 3:31 PM IST

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടീം സെലക്ഷനെ കുറിച്ച് വ്യാപക എതിര്‍പ്പുണ്ടായിരുന്നു. രണ്ട് സ്പിന്നര്‍മാരുമായി കളിച്ചതും ബാറ്റിംഗ് ലൈനപ്പുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ടീമില്‍ പേസ് ഓള്‍റൗണ്ടര്‍ വേണമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നും കോലി പറഞ്ഞിരുന്നു. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ടീമില്‍ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീം പൊളിച്ചെഴുതിയേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം മോശം ഫോമില്‍ കളിക്കുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ഇംഗ്ലണ്ടിനെതിരെ കോലി മൂന്നാം നമ്പറില്‍ കളിക്കും. 

ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിംഗ് സ്ഥാനത്തിനും ഇളക്കം തട്ടിയേക്കും. ഗില്ലിനെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കാനാണ് സാധ്യത. ഓപ്പണറായി കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കും. പൂജാരയ്‌ക്കൊപ്പം അജിന്‍ക്യ രഹാനെയേയും താല്‍കാലികമായിട്ടെങ്കിലും പുറത്ത് നിര്‍ത്തിയേക്കും. രാഹുലിന് ഓപ്പണിംഗ് സ്ഥാനത്ത് അവസരമില്ലെങ്കില്‍ രഹാനെയ്ക്ക് പകരം ടീമിലെത്തും. ഹനുമ വിഹാരിയെ കളിപ്പിക്കാനും സാധ്യതയേറെയാണ്. 

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചത് ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് സാധ്യത. ഇതോടെ രവീന്ദ്ര ജഡേജയും പുറത്തായേക്കും. ജഡേജയ്ക്ക് പകരം ഷാര്‍ദുള്‍ താക്കൂര്‍ ടീമിലെത്തും. പേസ്ബൗളര്‍ ഓള്‍റൗണ്ടറായിട്ടാണ് താക്കൂറിനെ പരിഗണിക്കുന്നത്. ഓസ്‌ട്രേലിയയില്‍ താക്കൂര്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. 

മുഹമ്മദ് സിറാജും ടീമിലിടം നേടും. അങ്ങനെവന്നാല്‍ ഇശാന്ത് ശര്‍മ, ജസ്പ്രിത് ബുമ്ര എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമാവും. സിറാജിനെ ന്യൂസിലന്‍ഡിനെ കളിപ്പിക്കാത്തും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

Follow Us:
Download App:
  • android
  • ios