ഹാമില്‍ട്ടണ്‍: തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് കിവീസ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. മൂന്ന് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് സ്റ്റൈറിസിന്‍റെ ഇലവന്‍. കരുത്തുറ്റ ബാറ്റിംഗ്‌ നിരയാണ് സ്‌കോട്ട് സ്റ്റൈറിസിന്‍റെ ടീമിന്‍റെ പ്രത്യേകത.   

ശ്രീലങ്കന്‍ ബാറ്റിംഗ് വിസ്‌ഫോടനം സനത് ജയസൂര്യയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് സ്റ്റൈറിസിന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറിലെത്തുന്നത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്‍ റിക്കി പോണ്ടിംഗ്. നാലാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ കിംഗ് കോലിയെയാണ് സ്റ്റൈറിസ് അണിനിരത്തുന്നത്. അഞ്ചാമനായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ജീനിയസ് എ ബി ഡിവില്ലിയേഴ്‌സ്. 

ആറാം നമ്പറില്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസാണ്. ഫിനിഷിംഗ് കൂടി ലക്ഷ്യമിട്ട് ഏഴാം നമ്പറിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെ ഇറക്കുന്നത്. ടീമിന്‍റെ വിക്കറ്റ് കീപ്പറും ധോണിയാണ്. ഇതിഹാസ സ്‌പിന്നര്‍മാരായ ഷെയ്‌ന്‍ വോണും മുത്തയ്യ മുരളീധരനും ഇലവനിലിടം പിടിച്ചപ്പോള്‍ ഗ്ലെന്‍ മഗ്രാത്തും ലസിത് മലിംഗയുമാണ് പേസര്‍മാര്‍. 

സ്‌കോട്ട് സ്റ്റൈറിസിന്‍റെ ഇലവന്‍: സനത് ജയസൂര്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ജാക്ക് കാലിസ്, എം എസ് ധോണി, ഷെയ്‌ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, ലസിത് മലിംഗ.