മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 40 പന്തില്‍ 45 റണ്‍സെടുത്ത സ്മൃതി മന്ദാന മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഏഴ് ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് മന്ദനയുടെ ഇന്നിംഗ്സ്. ജെമീമ റോഡ്രിഗ്സ്(23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(14) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പതിനാറുകാരിയായ ഷഫാലി വര്‍മ ഒണ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി 38 പന്തില്‍ 50 റണ്‍സടിച്ച നതാലി സ്കീവര്‍ ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കി. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് ഇന്ത്യ നാലു വിക്കറ്റ് തോല്‍വി വഴങ്ങി.