മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് പുരുഷ ടീം അംഗങ്ങളുടേതിന് തുല്യമായ പ്രതിഫലം ലഭിക്കാത്തതില്‍ യാതൊരു പരാതിയുമില്ലെന്ന് സൂപ്പര്‍ താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം വരുന്നത് എന്നതിനാല്‍ തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ കൂടിയായ മന്ദാന പറഞ്ഞു.

പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം വരുന്നത് എന്നത് നമ്മള്‍ മനസിലാക്കണം. വനിതാ ക്രിക്കറ്റില്‍ നിന്ന് എന്നാണോ വരുമാനം ഉണ്ടാകുന്നത് അപ്പോള്‍ തുല്യവേതനം ആവശ്യപ്പെട്ട് രംഗത്തുവരുന്ന ആദ്യ കളിക്കാരില്‍ ഒരാള്‍ ഞാനായിരിക്കും. എന്നാല്‍ നിലവില്‍ അത് ആവശ്യപ്പെടാനാവില്ല. പുരുഷ താരങ്ങളുടെയും വനിതാ താരങ്ങളുടെയും പ്രതിഫലത്തിലെ അന്തരം സംബന്ധിച്ച് ടീം അംഗങ്ങളാരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുകയും കൂടുതല്‍ കാണികളെ വനിതാ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുകയുമാണ് നിലവില്‍ ഞങ്ങളുടെ ലക്ഷ്യം. അതുവഴി കൂടുതല്‍ വരുമാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിനായി മികച്ച പ്രകടനങ്ങളാണ് വേണ്ടത്. അല്ലാതെ ഇപ്പോള്‍ തന്നെ പുരുഷ താരങ്ങളുടേതിന് തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നത് നീതീകരിക്കാവുന്നതല്ലെന്നും മന്ദാന പറഞ്ഞു.

ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എ പ്ലസ് കാറ്റഗറിയില്‍ പെടുന്ന പുരുഷ താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടിയാണ് ലഭിക്കുക. എന്നാല്‍ ഇതേ വിഭാഗത്തില്‍ പെടുന്ന വനിതാ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം. ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങളുടെ പ്രതിഫലം ഏകീകരിച്ചിരുന്നു.