വെറും 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി, ദുലീപ് ട്രോഫി സെമിഫൈനലില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ നായകനായി ചരിത്രനേട്ടം കുറിച്ചു. സ്ഥിരം ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായ വൈഭവിന് ഈ വലിയ ഉത്തരവാദിത്തം ലഭിച്ചത്.

ബെംഗളൂരു: പ്രായം വെറും 15 മാത്രമുള്ള വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ചരിത്രപരമായ നേട്ടം. ബെംഗളൂരുവില്‍ സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി സെമിഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ നായകനായി താരം ചുമതലയേറ്റു. ടൂര്‍ണമെന്റിന് മുന്നോടിയായി വൈസ് ക്യാപ്റ്റനായി നിയമിതനായ വൈഭവ്, ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ വലിയ ഉത്തരവാദിത്തലേക്ക് എത്തിയത്.

സെന്‍ട്രല്‍ സോണിന്റെ ഒന്നാം ഇന്നിംഗ്‌സിനിടെ 19-ാം ഓവറിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ ഇഷാന്‍ കിഷന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോയുടെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കളം വിട്ട കിഷന്റെ കൈത്തണ്ടയില്‍ പിന്നീട് വലിയ തോതില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുന്നത് കാണാമായിരുന്നു.

ഇഷാന്‍ കിഷന്‍ പുറത്തായതോടെ കുമാര്‍ കുശാഗ്ര വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം കഷ്ടം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിക്ക് നല്‍കുകയായിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു സീനിയര്‍ ഫസ്റ്റ് ക്ലാസ് ടീമിന്റെ നായകനാകുന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 2024ന്റെ തുടക്കത്തില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച വൈഭവ്, തന്റെ പത്താം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഇപ്പോള്‍ കളിക്കുന്നത്.

മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സോണ്‍ ടീമിനെയാണ് ഈ കൗമാരക്കാരന്‍ നയിക്കുന്നത്. മത്സരത്തില്‍ മികവ് കാട്ടിയ ഈസ്റ്റ് സോണ്‍, ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സെന്‍ട്രല്‍ സോണിനെ 81 റന്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തളര്‍ത്തിയിരുന്നു.

YouTube video player