കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ എം എസ് ധോണിക്ക് ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരം നഷ്ടമാകും. ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാത്ത ധോണിയുടെ അഭാവത്തിൽ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായി തിളങ്ങുന്നത്. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശ. മെയ് 5ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ധോണി യാത്ര തിരിച്ചില്ല. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരം ചെന്നൈയില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. ധോണിയുടെ അസാന്നിധ്യത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് ടീമിനായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത്.

സീസണിന്റെ പകുതിയോടെ ധോണി പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുമെന്ന് കരുതിയിരുന്നെങ്കിലും പരിശീലനത്തിനിടെ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. ധോണിയുടെ പരിക്കിനെക്കുറിച്ച് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറയുന്നത് ഇങ്ങനെ... ''കാലിലെ പരിക്ക് അല്പം സങ്കീര്‍ണ്ണമാണ്. ബാറ്റിംഗിനിടയിലോ ഓടുന്നതിനിടയിലോ വീണ്ടും പരിക്ക് ബാധിച്ചാല്‍ അത് ഈ സീസണ്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടാണ് ഞങ്ങള്‍ അതീവ ജാഗ്രത പാലിക്കുന്നത്. വാം-അപ്പ് മത്സരത്തിനിടെ പരിക്ക് വീണ്ടും കടുത്തതായി. അതുകൊണ്ടാണ് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വിശ്രമം വേണ്ടിവരുന്നത്.'' ഫ്‌ളെമിംഗ് പറഞ്ഞു.

സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോം

ധോണിയുടെ അസാന്നിധ്യത്തില്‍ സിഎസ്‌കെക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. ചെന്നൈയ്ക്കായുള്ള തന്റെ ആദ്യ സീസണില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ സഞ്ജു നേടിക്കഴിഞ്ഞു. 9 മത്സരങ്ങളില്‍ നിന്നായി 315 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

തിരിച്ചടികളോടെ സീസണ്‍ തുടങ്ങിയ ചെന്നൈ, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും, തങ്ങളുടെ പ്രിയതാരം 'തല' എന്നെങ്കിലും മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ആരാധകര്‍.

YouTube video player