വെല്ലിങ്ടണ്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ആരെ ഓപ്പണറാക്കി ഇറക്കണമെന്ന ആശയകുഴപ്പത്തിലാണ് ടീം ഇന്ത്യ. മായങ്ക് അഗര്‍വാളിന് സ്ഥാനം ഉറപ്പാണെങ്കിലും കൂടെ ആരെയിറക്കണമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമിലുള്ള മറ്റുള്ള ഓപ്പണര്‍മാര്‍. ഇതില്‍ പൃഥ്വിക്കാണ് കൂടുതല്‍ സാധ്യത. 

എന്നാല്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റൊരു പേര് കൂടെ ഉയര്‍ന്നുവന്നിരിക്കുകയാണ്. ഹനുമ വിഹാരിക്കും ഓപ്പണിങ് സ്ഥാനത്ത് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വാര്‍ത്തകളോട് വിഹാരി പ്രതികരിക്കുകയും ചെയ്തു. ഒരു താരമെന്ന നിലയില്‍ ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നായിരുന്നു വിഹാരി വ്യക്തമാക്കിയത്. ഓപ്പണറാകുന്നതുമായി ബന്ധപ്പെട്ട് ഇതേ വരെ ടീം തന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും, എന്നാല്‍ ടീം പറഞ്ഞാല്‍ താന്‍ ഓപ്പണറാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിലെ ഗില്ലിന്റേയും, പൃഥ്വി ഷായുടേയും ബാറ്റിംഗ് പരാജയങ്ങളാണ് വിഹാരിയുടെ പേര് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണനയില്‍ വരാന്‍ കാരണം. പരിശീലന മത്സരത്തില്‍ വിഹാരി തകര്‍പ്പന്‍ സെഞ്ചുറി കൂടി നേടിയതോടെ അദ്ദേഹം ഓപ്പണറാകാനുള്ള സാധ്യതകള്‍ വര്‍ധിച്ചു.