ആന്‍റിഗ്വ: എം എസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിന് ഭീഷണിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തും കോലി. എന്നാല്‍ ധോണിയേക്കാള്‍ വളരെ കുറവ് മത്സരങ്ങളില്‍ നിന്നാണ് കോലി ഈ നേട്ടത്തിനരികിലെത്തിയിരിക്കുന്നത്. 

നായകനായി ധോണി 60 മത്സരങ്ങളില്‍ നിന്ന് 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലിക്ക് വെറും 46 മത്സരങ്ങളില്‍ 26 ജയങ്ങള്‍ സ്വന്തമാക്കാനായി. ധോണിയില്‍ നിന്ന് 2014ലാണ് കോലി ക്യാപ്റ്റന്‍സി സ്വീകരിച്ചത്. കോലിക്ക് കീഴില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യ പരമ്പര ജയങ്ങള്‍ നേടി. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച് 2018ല്‍ കോലിപ്പട റെക്കോര്‍ഡിട്ടു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് അവസരമുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ആന്‍റിഗ്വയില്‍ 22-ാം തിയതി മുതല്‍ നടക്കും. വിന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ ജയിച്ചത് കോലിയുടെ ആത്മവിശ്വാസം കൂട്ടുന്നു.