ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ തലവരമാറ്റിയത് 2014ല്‍ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ടീമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയിലെ വലിയ നാഴികക്കല്ലായിരുന്നു ആ മത്സരമെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.

ടെസ്റ്റ് ടീമെന്ന നിലയില്‍ ഇന്ത്യയുടെ യാത്രയില്‍ വലിയൊരു നാഴികക്കല്ലായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റ്. കളിയാവേശത്തിനൊപ്പം ഇരുടീമിലെ കളിക്കാരും വികാരങ്ങളടക്കാനും പാടുപെട്ട മത്സരം കാണികള്‍ക്കിന്നും ആവേശമാണ്. നമ്മള്‍ നേരിയ തോല്‍വി വഴങ്ങിയ മത്സരത്തില്‍ ഇരു ടീമുകളും അതിര്‍വരമ്പുകള്‍ ലംഘിച്ചില്ല. പക്ഷെ, ആ മത്സരംരം നല്‍കിയത് വലിയൊരു പാഠമായിരുന്നു.മനസുവെച്ചാല്‍ എന്തും നടക്കുമെന്ന തിരിച്ചറിവ് നല്‍കിയത് അഡ്‌ലെയ്ഡ് ടെസ്റ്റാണ്.കാരണം, സാധ്യകതളില്ലാതിരുന്നിട്ടുപോലും ഞങ്ങള്‍ വിജയത്തിനായി പരമാവധി ശ്രമിച്ചു. എല്ലാവരും അവരുടേതായ സംഭാവനകള്‍ നല്‍കി. അതുകൊണ്ടുതന്നെ, ടെസ്റ്റ് ടീം എന്ന നിലയില്‍ മുന്നോട്ടുള്ള യാത്രയില്‍ ആ മത്സരം, വലിയൊരു നാഴികക്കല്ലായിരുന്നു-കോലി ട്വിറ്ററില്‍ കുറിച്ചു.

2014ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരമായിരുന്നു അത്. 364 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി വിരാട് കോലി രണ്ടാം ഇന്നിംഗ്സില്‍ 141 റണ്‍സടിച്ചിട്ടും മത്സരം ഇന്ത്യ 48 റണ്‍സിന് തോറ്റു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 517 റണ്‍സെടുത്തു. വിരാട് കോലിയുടെ സെഞ്ചുറി(115) കരുത്തില്‍ ഇന്ത്യ 444 റണ്‍സടിച്ചു.രണ്ടാം ഇന്നിംഗ്സില്‍ വാര്‍ണറുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 364 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി മുരളി വിജയ്‌യും(99) കോലിയും പൊരുതിയെങ്കിലും നിര്‍ണായക സമയത്ത് വിജയ് പുറത്തായതോടെ ഇന്ത്യ തോല്‍വി വഴങ്ങി. ആദ്യ ഇന്നിംഗ്സില്‍ ഓസീസിനായി അഞ്ച് വിക്കറ്റെടുത്ത നേഥന്‍ ലിയോണ്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റുമായി കളിയിലെ താരമായി.