ദുബായ്: മുംബൈയില്‍ ഓസ്‌ട്രേലിയക്കെതിരായ 10 വിക്കറ്റ് തോല്‍വിയുടെ മുറിവുണങ്ങും മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തേടി ഐസിസി പുരസ്‌കാരം. ഐസിസിയുടെ 'സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019' അവാര്‍ഡിനാണ് കോലി അര്‍ഹനായത്. ക്രിക്കറ്റ് ലോകത്തിന്‍റെ നെഞ്ചില്‍ പതിഞ്ഞ ഒരു കാഴ്‌ചയാണ് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓവലില്‍ ഇന്ത്യ-ഓസീസ് പോരാട്ടത്തിനിടെ കോലി കാട്ടിയ നല്ല പെരുമാറ്റത്തിനാണ് പുരസ്‌കാരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ കൂവിവിളിച്ച ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കോലി. കോലിയുടെ നീക്കത്തിന് അന്ന് ക്രിക്കറ്റ് ലോകത്തിന്‍റെ വലിയ പ്രശംസ ലഭിച്ചിരുന്നു. ഈ സംഭവത്തെ ഐസിസിയും ഇപ്പോള്‍ ആദരിച്ചിരിക്കുകയാണ്

'ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ വിരാട് കോലിയുടെ ഈ ആംഗ്യം ഓര്‍മ്മയുണ്ടോ. ഇന്ത്യന്‍ ക്യാപ്റ്റനാണ് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്'- ഐസിസി ട്വീറ്റ് ചെയ്തു. 

ക്രിക്കറ്റ് ലോകത്തിന്‍റെ മനം കീഴടക്കി അന്ന് കോലി

ഓവലില്‍ സ്‌മിത്ത് ബൗണ്ടറിക്കരികില്‍ എത്തിയപ്പോള്‍ കൂവിയാണ് ആരാധകരില്‍ ഒരു വിഭാഗം വരവേറ്റത്. എന്നാല്‍ കാണികള്‍ക്ക് നേരെ തിരിഞ്ഞ് നിശബ്ദമാകാന്‍ പറഞ്ഞ കോലി താരങ്ങളെ കയ്യടിച്ച് പ്രേത്സാഹിപ്പിക്കാനും ആംഗ്യംകാട്ടി. ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റത്തില്‍ മത്സരശേഷം സ്‌മിത്തിനോട് മാപ്പ് ചോദിക്കുകയും ചെയ്തു കോലി. കോലിയുടെ നടപടി ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അന്ന് പ്രശംസിച്ചിരുന്നു. 

കൃത്യസമയത്ത് ഇടപെട്ട കോലിക്ക് നന്ദിയിറിയിച്ച് സ്റ്റീവ് സ്‌മിത്തും രംഗത്തെത്തിയിരുന്നു. 'സ്നേഹത്തിന്‍റെ അടയാളമായിരുന്നു കോലിയുടേത്' എന്നായിരുന്നു സ്‌മിത്തിന്‍റെ വാക്കുകള്‍. ക്രിക്കറ്റ് കരിയറില്‍ ചൂടേറിയ പോരാട്ടം നിരവധി തവണ പുറത്തെടുത്ത താരങ്ങളാണ് സ്‌മിത്തും കോലിയും എന്നതും ഓവലിലെ ദൃശ്യത്തിന്‍റെ മനോഹാരിത കൂട്ടി.