ഐപിഎല്ലിൽ ധോണിയുടെ അവസാന സീസൺ ആയിരിക്കും ഇത് എന്നാണ് സൂചന, അതിനാല്‍ ആരാധകർ വളരെ ആവേശത്തിലാണ്. 

ചെന്നൈ: ഐപിഎൽ പതിനാറാം സീസണിനായി ചെന്നൈ സൂപ്പർ കിംഗ്‍സ് ഒരുക്കം തുടങ്ങി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പരിശീലനം. ക്യാപ്റ്റൻ എം എസ് ധോണി, അംബാട്ടി റായ്ഡു, അജിങ്ക്യ രഹാനെ തുടങ്ങിയവർ ക്യാമ്പിലുണ്ട്. ഇംഗ്ലീഷ് ഓള്‍റൗണ്ടർ ബെൻ സ്റ്റോക്സ് ഇത്തവണ ടീമിന് കരുത്താവുമെന്നണ് പ്രതീക്ഷ. മാർച്ച് മുപ്പത്തിയൊന്നിനാണ് ഐപിഎല്ലിന് തുടക്കമാവുക. സിഎസ്കെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഐപിഎല്ലിൽ ധോണിയുടെ അവസാന സീസൺ ആയിരിക്കും ഇത് എന്നാണ് സൂചന.

ചെപ്പോക്കില്‍ ധോണി പരിശീലനം നടത്തുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സിഎസ്‍കെ താരങ്ങളുടെ പരിശീലനം നേരില്‍ കാണാന്‍ ആരാധകർക്ക് അവസരമുണ്ട്. നെറ്റ് സെഷനിടെ ചില ഷോട്ടുകള്‍ ഗ്യാലറിയിലെത്തിച്ച് ധോണി ആരാധകരെ സന്തോഷിപ്പിച്ചു. പ്രത്യേകിച്ച് സ്‍പിന്നർമാരെ നേരിടുന്നതിലായിരുന്നു ധോണിയുടെ പരിശീലനം. ക്രീസ് വിട്ടിറങ്ങി ധോണി കൂറ്റന്‍ ഷോട്ടുകള്‍ ആരാധകർക്കിടയിലേക്ക് പായിച്ചു.

Scroll to load tweet…

നേരത്തെ ഐപിഎല്ലിനായി ചെന്നൈയിലെത്തിയ 'തല'യ്ക്ക് വന്‍ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. വലിയ ആരാധകവൃന്ദം ധോണിയെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തി. ഇതിന് ശേഷം ഹോട്ടലിലേക്ക് പോയ ധോണിക്ക് ബൊക്കയും സമ്മാനങ്ങളും നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു. 2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി പിന്നീട് ഐപിഎല്ലില്‍ മാത്രമാണ് കളിച്ചിരുന്നത്. ഇത്തവണ ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ച് ധോണി വിരമിക്കാനാണ് സാധ്യത. 

ജൂലൈയില്‍ 42 വയസ് തികയുന്ന എം എസ് ധോണി ഇനിയൊരു ഐപിഎല്‍ സീസണ്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. ഈ സീസണില്‍ ഫിറ്റ്നസ് നിലനിർത്തുന്നതിനായി റാഞ്ചിയില്‍ വളരെ നേരത്തെ തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. ഐപിഎല്‍ കരിയറിലാകെ 206 ഇന്നിംഗ്സുകളില്‍ 39.2 ശരാശരിയിലും135.2 പ്രഹരശേഷിയിലും 24 അർധസെഞ്ചുറികളോടെ ധോണി 4978 റണ്‍സ് നേടിയിട്ടുണ്ട്. ഈ സീസണോടെ ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനുള്ള സുവർണാവസരം ധോണിക്ക് മുന്നിലുണ്ട്. 

'തല' എത്തി; കുട്ടി ഫാനിനൊപ്പം ഫോട്ടോ, പൂച്ചെണ്ടുകള്‍...ചെന്നൈയില്‍ ആരാധകരുടെ ആഘോഷരാവ്