ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് കലാശപ്പോര് നേരില്‍ കാണാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഗാലറിയിലെത്തിയിരുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ( ICC Womens World Cup 2022) ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഓസ്‌ട്രേലിയ ഏഴാം കിരീടം ചൂടിയപ്പോള്‍ നിര്‍ണായകമായത് അലീസ ഹീലിയുടെ (Alyssa Healy) റെക്കോര്‍ഡ് സെഞ്ചുറിയാണ്. ഹീലിയുടെ ഹിറ്റിംഗ് കരുത്തിലാണ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 356 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തന്‍റെ ശതകത്തിലേക്ക് പന്തടിച്ച് ഹീലി ബാറ്റുയര്‍ത്തിക്കാട്ടിയപ്പോള്‍ ഭര്‍ത്താവ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (Mitchell Starc) പ്രതികരണം വൈറലായി. 

ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് കലാശപ്പോര് നേരില്‍ കാണാന്‍ ഓസീസ് പേസര്‍ കൂടിയായ മിച്ചല്‍ സ്റ്റാര്‍ക്ക് ഗാലറിയിലെത്തിയിരുന്നു. 100 തികച്ച ശേഷം ഹെല്‍മറ്റൂരി അലീസ ഹീലി ബാറ്റുയര്‍ത്തിക്കാട്ടിയപ്പോള്‍ എഴുന്നേറ്റുനിന്ന് അത്യാഹ്‌ളാദവാനായി കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നു ഭര്‍ത്താവ് മിച്ചല്‍ സ്റ്റാര്‍ക്ക്. 

View post on Instagram

ഫൈനലില്‍ വെറും 138 പന്തില്‍ നിന്ന് 26 ബൗണ്ടറികള്‍ സഹിതം 170 റണ്‍സാണ് അലീസ ഹീലി അടിച്ചുകൂട്ടിയത്. ഈ ലോകകപ്പില്‍ ഇതോടെ ഹീലി തന്‍റെ റണ്‍സമ്പാദ്യം 509ലെത്തിച്ചു. വനിതാ ഏകദിന ലോകകപ്പില്‍ ഇതാദ്യമായാണ് ഒരുതാരം 500 റണ്‍സ് മാര്‍ക്ക് പിന്നിടുന്നത്. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 129 റണ്‍സടിച്ച പ്രകടനം ഹീലി തുടരുകയായിരുന്നു. അന്യാ ശ്രുഭ്സോലെയുടെ പന്തില്‍ പുറത്തായി മടങ്ങുമ്പോള്‍ കാണികളൊന്നടങ്കം എഴുന്നേറ്റുനിന്ന് അലീസ ഹീലിക്ക് കയ്യടിച്ചു. ഏകദിന ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായിരുന്ന ആദം ഗില്‍ക്രിസ്റ്റിന്‍റെ റെക്കോര്‍ഡ് ( 149 റണ്‍സ്) ഹീലി തകര്‍ക്കുകയും ചെയ്‌തു. 

ക്രൈസ്റ്റ് ചര്‍ച്ചില്‍ ആവേശം നിറഞ്ഞ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏഴാം കിരീടമുയര്‍ത്തി. ഓസ്‌ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 121 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതം 148* റണ്‍സുമായി പുറത്താകാതെ നിന്ന ഇംഗ്ലീഷ് ബാറ്റര്‍ നാടലീ സൈവറുടെ പോരാട്ടം പാഴായി. അതേസമയം 138 പന്തില്‍ 170 റണ്‍സ് നേടിയ അലീസ ഹീലിയാണ് ഓസീസിന്‍റെ വിജയശില്‍പിയും ഫൈനലിലെയും ടൂര്‍ണമെന്‍റിലേയും മികച്ച താരവും. സ്‌കോര്‍: ഓസ്‌ട്രേലിയ- 356/5 (50), ഇംഗ്ലണ്ട്- 285 (43.4). 

Scroll to load tweet…

വനിതാ ഏകദിന ലോകകപ്പില്‍ മഞ്ഞക്കടലിരമ്പം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഓസീസിന് കിരീടം, നാടലീ സൈവറുടെ പോരാട്ടം പാഴായി