പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷനെതിരെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ പ്രതിഷേധിച്ചു. പന്തെറിയുന്നതിന് മുമ്പ് താരിക് ദീര്‍ഘനേരം നിര്‍ത്തിവെക്കുന്നത് ബാറ്റിംഗിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മിച്ചല്‍ ബാറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. 

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലും ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിക്കും തമ്മില്‍ വാക്കുതര്‍ക്കം. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഉസ്മാന്‍ താരിക് ദീര്‍ഘനേരം ആക്ഷന്‍ നിര്‍ത്തിവച്ചതാണ് മിച്ചലിനെ ചൊടിപ്പിച്ചത്. പ്രതിഷേധിച്ച മിച്ചല്‍ കുറച്ചുനേരം ബാറ്റ് ചെയ്യാന്‍ വിസമ്മതിച്ചു. ലാഹോര്‍, നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റാവല്‍പിണ്ടി ടീമിന്റെ റണ്‍ ചേസിംഗിനിടെയായിരുന്നു സംഭവം.

താരിക് പന്തെറിയാനായി എത്തുമ്പോള്‍ അല്പനേരം നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്നത്. ഇത് തന്റെ ബാറ്റിംഗ് ടൈമിംഗിനെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മിച്ചല്‍ വിക്കറ്റിന് മുന്നില്‍ നിന്ന് മാറി നില്‍ക്കുകയും താന്‍ തയ്യാറല്ലെന്ന് അമ്പയറെ അറിയിക്കുകയും ചെയ്തു. ഒരു ഓവറില്‍ തന്നെ പലതവണ താരം ഇത്തരത്തില്‍ പിന്മാറിയത് കമന്റേറ്റര്‍മാരെയും ചൊടിപ്പിച്ചു. മിച്ചല്‍ ഇതിലും നന്നായി പെരുമാറണമായിരുന്നു എന്ന് മുന്‍ താരം റമീസ് രാജ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അടുത്തിടെ നല്‍കിയ ഒരു ഉപദേശത്തിന് സമാനമായിരുന്നു മിച്ചലിന്റെ ഈ നീക്കം. വീഡിയോ..

Scroll to load tweet…

Scroll to load tweet…

ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് സംസാരിക്കവേ, ബൗളര്‍ അമിതമായി കാത്തുനില്‍ക്കുന്നത് ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെങ്കില്‍ നിയമപരമായി തന്നെ ബാര്‍റ്റര്‍മാര്‍ക്ക് ക്രീസില്‍ നിന്ന് മാറി നില്‍ക്കാമെന്ന് അശ്വിന്‍ നിരീക്ഷിച്ചിരുന്നു. ഈ തന്ത്രമാണ് മിച്ചല്‍ പയറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഐസിസി ഉസ്മാന്‍ താരിക്കിന്റെ ആക്ഷന്‍ നിയമവിരുദ്ധമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

റാവല്‍പിണ്ടിയെ തകര്‍ത്ത് ക്വറ്റ

മൈതാനത്തെ തര്‍ക്കങ്ങള്‍ക്കിടയിലും കളിയില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് ആധിപത്യം പുലര്‍ത്തി. 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ക്വറ്റ, റിലി റൂസോയുടെ (53) അര്‍ധസെഞ്ചുറിയുടെയും സൗദ് ഷക്കീലിന്റെ പിന്തുണയുടെയും കരുത്തില്‍ 182/6 എന്ന സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ റാവല്‍പിണ്ടിക്ക് ഒരിക്കല്‍ പോലും കൃത്യമായ താളം കണ്ടെത്താനായില്ല. സാദ് മസൂദ് (31) പൊരുതിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല.

പ്രതിഷേധങ്ങള്‍ക്കിടയിലും ഉസ്മാന്‍ താരിക് തന്നെയായിരുന്നു മത്സരത്തിലെ താരം. നാല് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തി. തര്‍ക്കത്തിന് തൊട്ടുപിന്നാലെ ഡാരില്‍ മിച്ചലിനെ പുറത്താക്കി താരിക് മറുപടി നല്‍കി. അഞ്ച് മത്സരങ്ങളില്‍ അഞ്ചും തോറ്റ റാവല്‍പിണ്ടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവുമായി ക്വറ്റ അഞ്ചാം സ്ഥാനത്താണ്.

YouTube video player