മൂണിയുടെ വിക്കറ്റിന് പിന്നാലെ ക്രീസിലെത്തിയ ഫോബെ ലിച്ച്ഫീല്‍ഡ് (3), അഷ്‌ലി ഗാര്‍ഡ്‌നര്‍ (1) എന്നിവര്‍ പുറത്തായി. ഇതിനിടെ ഹേമലയതും മടങ്ങി.
ദില്ലി: വനിതാ ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം സജന സജീവന്‍. ഗുജറത്താ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ബേത് മൂണിയുടെ (66) നിര്‍ണായക വിക്കറ്റാണ് സജന വീഴ്ത്തിയത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് മൂണി - ദയാലന്‍ ഹേമലത (40 പന്തില്‍ 70) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.
ഇരുവരും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോഴാണ് സജന അവതരിച്ചത്. തുടക്കത്തില്‍ തന്നെ ഗുജറാത്തിന് ലൗറ വോള്‍വാട്ടിന്റെ (13) വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 18 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് മൂണി - ഹേമലത സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സജന മൂണിയെ ബൗള്‍ഡാക്കി അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. പുറത്താവുമ്പോള്‍ 35 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും നേടിയിരുന്നു മൂണി. ഒരോവറില്‍ 11 റണ്‍സാണ് സജന വിട്ടുകൊടുത്തത്. ഓസ്‌ട്രേലിയന്‍ താരം കൂടിയായ മൂണി പുറത്താവുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം...
മൂണിയുടെ വിക്കറ്റിന് പിന്നാലെ ക്രീസിലെത്തിയ ഫോബെ ലിച്ച്ഫീല്‍ഡ് (3), അഷ്‌ലി ഗാര്‍ഡ്‌നര്‍ (1) എന്നിവര്‍ പുറത്തായി. ഇതിനിടെ ഹേമലയതും മടങ്ങി. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് ഹേമലതയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഭാരതി ഫുല്‍മാലിയാണ് (13 പന്തില്‍ പുറത്താവാതെ 21) ഗുജറാത്തിനെ 190ലെത്തിച്ചത്. കാതറിന്‍ ബ്രേസ് (7), സ്‌നേഹ് റാണ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇതില്‍ ബ്രേസ്, സജനയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. തനുജ കന്‍വര്‍ (0) ഭാരതിക്കൊപ്പം പുറത്താവാതെ നിന്നു.

