ഒരുകാലത്ത് തന്റെ തന്റെ ദുര്‍ബലമായ മേഖലകളിലൊന്നായ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ ശ്രേയസ് മനോഹരമായി കളിക്കുന്നുണ്ടായിരുന്നു.

നാഗ്പൂര്‍: നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു ശ്രേയസ് അയ്യര്‍. തന്റെ ഏകദിന കരിയറിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണ് ശ്രേയസ് സ്വന്തമാക്കിയത്. നാലാമനായി ക്രീസിലെത്തിയ താരം 59 റണ്‍സെടുത്തു. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ശുഭ്മാന്‍ ഗില്ലിന്റെ (89) ഇന്നിംഗ്‌സിനേക്കാളും ആഘോഷിക്കപ്പെടുന്നുണ്ട് ശ്രേയസിന്റെ ഇന്നിംഗ്‌സ്. ആദ്യ ഏകദിനത്തിനുള്ള ടീമിന്റെ ഭാഗമല്ലായിരുന്ന ശ്രേയസിനെ വിരാട് കോലിക്ക് പരിക്കേറ്റപ്പോഴാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഒരുകാലത്ത് തന്റെ തന്റെ ദുര്‍ബലമായ മേഖലകളിലൊന്നായ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ ശ്രേയസ് മനോഹരമായി കളിക്കുന്നുണ്ടായിരുന്നു. ഏഴാം ഓവറില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ നേരിട്ട അയ്യര്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ നേടി. ആ ഓവറിലെ അഞ്ചാമത്തെ പന്ത് അരക്കെട്ടിനു മുകളില്‍ പൊങ്ങിയിരുന്നു. അയ്യര്‍ അത് മിഡ് വിക്കറ്റിന് മുകളിലൂടെ അനായാസം സിക്‌സര്‍ പറത്തി. അടുത്ത പന്ത് തേര്‍ഡ് മാനിലൂടെയും കടത്തി വിട്ടു ശ്രേയസ്. വീഡിയോ കാണാം...

Scroll to load tweet…

ശ്രേയസിന്റെ ഇന്നിംഗ്‌സ് നിരവധി വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മെച്ചപ്പെട്ട പ്രകടനത്തിന് കെവിന്‍ പീറ്റേഴ്സണും പാര്‍ഥിവ് പട്ടേലും മധ്യനിര ബാറ്റ്സ്മാനെ പ്രശംസിച്ചു. മുമ്പ് ഷോര്‍ട്ട് ബോളുകളില്‍ താരം സ്ഥിരം പുറത്താവുമായിരുന്നു. നാഗ്പൂരില്‍, തികച്ചും വ്യത്യസ്തനായ ഒരു താരമായി ശ്രേയസ്. 

ശ്രേയസിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് പീറ്റേഴ്‌സണ്‍ പറഞ്ഞതിങ്ങനെ... ''അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. ജോഫ്ര ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞു, വളരെ വേഗത്തില്‍ ഗതി മനസിലാക്കി അതിനുള്ള മറുപടിയും നല്‍കി. ശ്രേയസ് അനായാസം ബാറ്റ് ചെയ്യുന്നതായിട്ട് തോന്നി. ഏറ്റവും രസകരമായ കാര്യം അദ്ദേഹം ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് നേടിയെന്നുള്ളതാണ്.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.