നിമിഷപ്രിയക്ക് മാപ്പ് ലഭിച്ചതോടെ തങ്ങളുടെ ദൗത്യം അവസാനിച്ചെന്ന് എപി വിഭാഗം. മോചനത്തിനുള്ള തുടർനടപടികൾ നയതന്ത്ര തലത്തിൽ നടക്കണമെന്നും പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും എപി അബൂബക്കർ മുസ്ല്യാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി 

ദുബായ്: യെമനിൽ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷയിൽ മാപ്പ് ലഭിച്ചതോടെ എപി അബൂബക്കർ മുസ്ല്യാരുടെ ദൗത്യം അവസാനിച്ചെന്ന് എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകനുമായ അബ്ദുൽ ഹക്കീം അസ്ഹരി. മോചിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടത് നയതന്ത്ര തലത്തിലാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ചയായെന്ന് അബ്ദുൽ ഹക്കീം അസ്ഹരി സ്ഥിരീകരിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത് എപി അബൂബക്കർ മുസ്ലായരുടെ ഇടപെടലിലൂടെയാണ് എന്ന വിവരം ഏറെ ചർച്ചയായതാണ്. എന്നാൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷ നീളുന്നതിനെതിരെ നിയമനടപടിയിലുമാണ്. ശിക്ഷ റദ്ദാക്കിയെങ്കിൽ നിമിഷപ്രിയയുടെ മോചനം എപ്പോൾ എന്നീ ചർച്ചകളുമുണ്ട്. ഈ ചോദ്യത്തോട് പ്രതികരണമിങ്ങനെ.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിലും നിമിഷ പ്രിയ വിഷയം ചർച്ചയായി. നിമിഷപ്രിയ ഇപ്പോഴും യെമനിലെ ജയിലിൽ തുടരുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരമം നയതന്ത്ര ഇടപെടലുകളിലും പരിമിതിയുണ്ട്. ഒരേ സമയം പലരാണ് നിമിഷപ്രിയയുടെ വിഷയത്തിൽ അവകാശവാദങ്ങളുമായി രംഗത്തുള്ളത്. 

സഹോദരന്റെ നിലപാട്

നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിന് എതിരെയും, കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി കൊല നടന്നത് ഇറാനിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് ചോദ്യം. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവെച്ചാണ് മെഹദിയുടെ അന്നത്തെ ഫേസ്ബുക് പോസ്റ്റ്. അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത് എന്ന നിലപാട് അബ്ദുൽ ഫത്താഹ് മഹദി ആവർത്തിക്കുന്നു. കടുംബത്തിന്‍റെ അവകാശമാണ് ഇതിലൂടെ തടയുന്നത് എന്നും ആണ് വിമർശനം. 

അതേസമയം മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനിൽ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.