ഏഷ്യാകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ എന്ത് സംഭവിക്കും. ബഹിഷ്കരണം മൂലം പിസിബിക്ക് വലിയ സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരാനുള്ള സാധ്യതയുള്ളതിനാൽ ബഹിഷ്കരണ സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു
ദുബായ്: ഏഷ്യാകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ എന്തുസംഭവിക്കുമെന്ന ചർച്ച ഓൺലൈനിൽ സജീവമാകുന്നു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ചർച്ച. മത്സര ശേഷം ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം ചെയ്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താൻ വൈകിയതിന് പിസിബി ക്രിക്കറ്റ് ഡയറക്ടർ ഉസ്മാൻ വഹ്ലയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് പിന്മാറ്റ ഭീഷണി മുഴക്കിയത്. വിഷയത്തിൽ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് പിസിബിയുടെ പരാതി. മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റന്മാരോടു നിർദേശിക്കാൻ പൈക്രോഫ്റ്റിന് അധികാരമില്ലെന്ന വാദത്തിൽ പിബിസി ഉറച്ച് നിൽക്കുന്നു. പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 17ന് യുഎഇയ്‌ക്കെതിരായ അടുത്ത മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യണമെന്ന് നിയമമില്ലെന്ന് ബിസിസിഐ പറയുന്നു.
പാകിസ്ഥാൻ ഏഷ്യാ കപ്പ് ബഹിഷ്കരിച്ചാൽ എന്ത് സംഭവിക്കും?
സെപ്റ്റംബർ 17ന് യുഎഇക്കെതിരെയാണ് പാകിസ്ഥാന്റെ അവസാന ലീഗ് മത്സരം. ഏഷ്യാ കപ്പ് ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചാൽ, ഒമാനോ യുഎഇ ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി സൂപ്പർ ഫോറിലേക്ക് മുന്നേറും. ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ പിസിബി കനത്ത നടപടികൾ നേരിടേണ്ടി വരും. പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവനാണെങ്കിലും, ഏഷ്യാ കപ്പ് ബഹിഷ്കരിക്കാൻ പിസിബി തീരുമാനിച്ചാൽ കനത്ത പിഴകളും ഉപരോധങ്ങളുമുണ്ടാകും. ബഹിഷ്കരണം മൂലം പിസിബിക്ക് വലിയ സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരാനും സാധ്യതയുള്ളതിനാൽ ബഹിഷ്കരണ സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കണമെന്ന് ബിസിസിഐക്കും സമ്മർദ്ദമുണ്ടായിരുന്നു.
എന്നാൽ ബഹുരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ പ്രശ്നമില്ലെന്നും പരമ്പരകൾ നടത്തില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഏഷ്യാകപ്പ് ബിസിസിഐ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കടുത്ത നടപടി ഐസിസിയിൽ നിന്ന് നേരിട്ടേനെ. അതേസമയം, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി പരിഗണിക്കുമോ എന്നും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.


