ആവേശ് ഖാനെയും പ്രസിദ്ധ് കൃഷ്ണയെയും പോലുള്ള ബൗളര്‍മാരെ വളർത്തിക്കൊണ്ടുവരാന്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നുണ്ടോ എന്നും ചോപ്ര ചോദിച്ചു.

മുംബൈ: ടി20 ലോകകപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിട്ടും പേസര്‍ ആവേശ് ഖാനെ ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് പരിഗണിക്കാതിരുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടും തൊട്ടു മുന്‍ പരമ്പരയില്‍ കളിച്ച ആവേശിനെ സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്നത് അമ്പരപ്പിച്ചുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആവേശ് ഖാനെയും പ്രസിദ്ധ് കൃഷ്ണയെയും പോലുള്ള ബൗളര്‍മാരെ വളർത്തിക്കൊണ്ടുവരാന്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നുണ്ടോ എന്നും ചോപ്ര ചോദിച്ചു. ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായിരുന്നു ആവേശ് ഖാന്‍. അതിനുശേഷം അവനെവിടെപ്പോയി. അവനെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശ്രീലങ്കന്‍ പര്യടനത്തിലും അവന്‍ ടീമിലുണ്ടാവണമായിരുന്നു. അതുപോലെ സിംബാബ്‌വെ പര്യടനത്തിലും അവന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കണമായിരുന്നു. എന്നാലിപ്പോൾ അവനെ എവിടെയും കാണാനില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

പാരീസ് കണ്ണടച്ചു, ഇനി ലോസാഞ്ചല്‍സിൽ; ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ പുതുതായി അരങ്ങേറുന്ന 5 മത്സരയിനങ്ങൾ

ടി20 ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും വ്യക്തിപരമായി പറഞ്ഞാല്‍ പ്രസിദ്ധ് കൃഷ്ണയും ഇതപോലെ പ്രതീക്ഷയുള്ള ബൗളറാണ്. മികച്ച പേസറാവാനുള്ള എല്ലാ മികവുകളുമുള്ള ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. അതുകൊണ്ട് തന്നെ അവനെയും ആവേശിനെയും പോലുള്ള താരങ്ങള്‍ക്ക ഭാവിയെക്കുറിച്ച് വ്യക്തമായ രൂപരേഖ നല്‍കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയണം. അല്ലാതെ ഇന്ത്യൻ ക്യാപ് എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതുപോലെ വിതരണം ചെയ്യാനാവരുത്. ചേതന്‍ സക്കരിയ തന്നെ ഇതിന് വലിയ ഉദാഹരണമാണ്. ഇന്ത്യക്കായി ഒരു ഏകദിനത്തിലും രണ്ട് ടി20കളിലും കളിച്ചിട്ടുള്ള ചേതന്‍ സക്കരിയ ഇപ്പോള്‍ എവിടെയാണെന്നും ആകാശ് ചോപ്ര ചോദിച്ചു.

ടെസ്റ്റ് ടീമിലും ഏകദിന ടീമിലും സൂര്യകുമാര്‍ യാദവിന് അവസരമുണ്ടാകില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ടെസ്റ്റ് ടീമിലും ഏകദിന ടീമിലും അവസരം കാത്ത് നിരവധി താരങ്ങള്‍ കാത്തിരിപ്പുണ്ടെന്നും അതുകൊണ്ട് തന്നെ സൂര്യകുമാറിനെ ടി20 ക്രിക്കറ്റില്‍ മാത്രമെ കാണാനാവു എന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക