Asianet News MalayalamAsianet News Malayalam

ആരാണ് ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യവനായ ക്രിക്കറ്റർ?,സഞ്ജു സാംസണോ റുതുരാജ് ഗെയ്ക്‌വാദോ; മറുപടി നൽകി പിയൂഷ് ചൗള

ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ആരാണ്, സഞ്ജു സാംസണോ അതോ റുതുരാജ് ഗെയ്ക്‌വാദോ എന്നായിരുന്നു ചോദ്യം.

Who is most Unluckiest cricketer in India, Sanju Samson or Ruturaj Gaikwad, Piyush Chawla responds
Author
First Published Sep 13, 2024, 5:22 PM IST | Last Updated Sep 13, 2024, 5:22 PM IST

മുംബൈ: ഇന്ത്യൻ ടീമില്‍ അവസരങ്ങള്‍ നിഷേധിക്കുന്ന കാര്യത്തില്‍ മഹാരാഷ്ട്രക്കാരുടെ സഞ്ജു സാംസണാണ് റുതുരാജ് ഗെയ്ഗ്‌വാദെന്നാണ് ആരാധകര്‍ പറയാറുള്ളത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നിരന്തരം മികവ് കാട്ടിയിട്ടും സഞ്ജുവിനെപ്പോലെ തന്നെ റുതുരാജിനും ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ശുഭാങ്കര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗളയോടും ഇതേ ചോദ്യമെത്തി.

ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ആരാണ്, സഞ്ജു സാംസണോ അതോ റുതുരാജ് ഗെയ്ക്‌വാദോ എന്നായിരുന്നു ചോദ്യം. ഇതിന് പിയൂഷ് ചൗള നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. രണ്ട് പേരും തന്‍റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുക കുറച്ച് പ്രയാസമാണെന്നുമായിരുന്നു പിയൂഷ് ആദ്യം പറഞ്ഞത്. രണ്ടു പേരെയും നിര്‍ഭാഗ്യവാന്‍മാര്‍ എന്ന് പറയാന്‍ പറ്റില്ല, പലപ്പോഴും ടീം കോംബിനേഷൻ പോലെയുള്ള കാരണങ്ങള്‍ കൊണ്ടും പരിഗണിക്കപ്പെടാതിരിക്കുന്നതാണെന്ന് പിയൂഷ് ചൗള പറഞ്ഞു.

എഴുതിവെച്ചോളു, കോലിയുടെ പകരക്കാരനാകുക ആ രണ്ടുപേരിൽ ഒരാള്‍; വമ്പന്‍ പ്രവചനവുമായി പിയൂഷ് ചൗള

എന്നാല്‍ സഞ്ജുവിനെ ദുലീപ് ട്രോഫിക്കുള്ള 60 പേരുള്ള ടീമില്‍ പോലും ആദ്യം ഉള്‍പ്പെടുത്തിയില്ലല്ലോ എന്ന് ശുഭാങ്കര്‍ മിശ്ര ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തന്നെയും അത്ഭുതപ്പെടുത്തി എന്നായിരുന്നു പിയൂഷ് ചൗളയുടെ മറുപടി. ഒരുപക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിക്കാത്തതുകൊണ്ടാകാം. സഞ്ജു അസാമാന്യ കളിക്കാരനാണ്. ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരിലൊരാളുമാണ്. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തെ റെഡ് ബോള്‍ ക്രിക്കറ്റില്‍ പരിഗണിക്കുന്നില്ലെങ്കില്‍ പിന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.

എന്നാല്‍ എങ്ങനെയാണ് കിട്ടുന്ന അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തുകയും, ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുകയും പ്രായവും അനുകൂലവുമായ ഒരു കളിക്കാരനെ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുന്നത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവിന്‍റേത് ക്ലാസ് പ്രകടനമാണെന്നായിരുന്നു പിയൂഷ് ചൗളയുടെ മറുപടി. എന്നാല്‍ അതിനുശേഷം ഏകദിന ടീമില്‍ നിന്നുപോലും സഞ്ജുവിനെ ഒഴിവാക്കിയില്ലെയെന്നും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുകപോലും ചെയ്തില്ലല്ലോ എന്നും എട്ടോ പത്തോ വിക്കറ്റ് കീപ്പര്‍മാരെ പരീക്ഷിച്ചിട്ടും എന്തുകൊണ്ടാണ് ടെസ്റ്റിലേക്ക് സഞ്ജുവിനെ പരിഗണിക്കുകപോലും ചെയ്യാതിരുന്നത് എന്ന് അവതാരകന്‍ വീണ്ടും ചോദിച്ചു.

എന്നാല്‍ അത്  തനിക്കറിയില്ലെന്നും സെലക്ടറായാല്‍ അപ്പോള്‍ മറുപടി പറയാമെന്നുമായിരുന്നു പിയൂഷ് ചൗളയുടെ മറുപടി. മികച്ച പ്രകടനം നടത്തുകയും ടീമില്‍ സ്ഥാനം കിട്ടാന്‍ അര്‍ഹനാണെന്ന് ബോധ്യമാകുകയും ചെയ്തിട്ടും അത് കിട്ടാതിരിക്കുമ്പോള്‍ എങ്ങനെയാണ് താങ്കള്‍ കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും നമ്മളെക്കുറിച്ച് പറയുമെങ്കിലും ആത്യന്തികമായി നമുക്ക് നമ്മുടെ കുടുംബം മാത്രമെ ഉണ്ടാകു. എല്ലാവരും പറയുന്നത് കേട്ടുകൊണ്ടിരുന്നാല്‍ കുടുംബത്തിലുള്ളവര്‍ക്കും നമുക്കും അത് പ്രശ്നമാകും. അതുകൊണ്ട് സ്വന്തം കളിയില്‍ വിശ്വസിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യാറുള്ളതെന്നായിരുന്നു പിയൂഷ് ചൗളയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios