കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച 19-കാരനായ ലെഗ് സ്പിന്നർ യാഷ് രാജ് പുഞ്ജ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ യുവപ്രതിഭകളെ കണ്ടെത്തുന്നതില്‍ തങ്ങള്‍ക്കുള്ള മികവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഞായറാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 19കാരനായ ലെഗ് സ്പിന്നര്‍ യഷ് രാജ് പുഞ്ജ ശ്രദ്ധേയമായ അരങ്ങേറ്റമാണ് നടത്തിയത്. വൈഭവ് സൂര്യവന്‍ഷിക്ക് പകരം ഇംപാക്ട് സബ്ബായാണ് താരം മൈതാനത്തെത്തിയത്. തന്റെ നാലോവര്‍ സ്‌പെല്ലില്‍ 25 റണ്‍സ് മാത്രം വഴങ്ങി രമണ്‍ദീപ് സിംഗിന്റെ നിര്‍ണ്ണായക വിക്കറ്റും യഷ് സ്വന്തമാക്കി.
തുടക്കത്തില്‍ റോവ്മാന്‍ പവല്‍ ഒരു ഫോറും സിക്‌സും അടക്കം താരത്തെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും, പതറാതെ പന്തെറിഞ്ഞ യഷ് രാജ് കൃത്യമായ ലൈനിലൂടെയും മത്സരത്തിലേക്ക് തിരിച്ചുവന്നു. വേഗത്തില്‍ എറിഞ്ഞ ഒരു പന്തില്‍ രമണ്‍ദീപിനെ കുടുക്കി തന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. യഷിന്റെ പ്രകടനത്തെയും താരത്തെ വളര്‍ത്തിയെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയെയും മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ് പ്രശംസിച്ചു. താരത്തെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും രാജസ്ഥാന്‍ കാണിച്ച ക്ഷമയും വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ആരാണ് യഷ് രാജ് പുഞ്ജ?
അബുദാബിയില്‍ ജനിച്ച് വളര്‍ന്ന യഷ് രാജിന്റെ ക്രിക്കറ്റ് യാത്ര ഏറെ കൗതുകകരമാണ്. തുടക്കത്തില്‍ ഒരു പേസ് ബൗളറായിരുന്ന അദ്ദേഹം തന്റെ സഹോദരനും യുഎഇ അന്താരാഷ്ട്ര താരവുമായ യോധിന്‍ പുഞ്ജയുടെ നിര്‍ദ്ദേശപ്രകാരമാണ് ലെഗ് സ്പിന്നിലേക്ക് മാറിയത്. 2023-ല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് മാറുകയും രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട അക്കാദമിയില്‍ പരിശീലനം നേടുകയും ചെയ്തു.
2025ല്‍ കര്‍ണാടക ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് യഷ് ഐപിഎല്‍ സ്‌കൗട്ടുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ യുവതാരത്തെ ടീമിലെത്തിച്ചത്. ഉയരക്കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ പന്തിന് മികച്ച ബൗണ്‍സ് നല്‍കാന്‍ കഴിയുന്ന യഷ് രാജ്, ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.

