ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വെസറ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് തൊട്ടു മുമ്പ് ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ആന്‍ഡേഴ്സന്റ അഭാവത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ഇംഗ്ലീഷ് പേസാക്രമണത്തെ നയിക്കേണ്ടിയിരുന്ന ആര്‍ച്ചറുടെ നിരുത്തവാദപരമായ പെരുമാറ്റമാണ് പുറത്താകലിലേക്ക് വഴിതെളിച്ചത്. എന്നാല്‍ എന്താണ് ആര്‍ച്ചര്‍ ചെയ്ത തെറ്റെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പരസ്യമാക്കിയിട്ടില്ലെങ്കിലും ടീമിന്റെ ബയോ സെക്യൂര്‍ ബബിള്‍(കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖല) ലംഘിച്ചതാണ് ആര്‍ച്ചറെ പുറത്താക്കാന്‍ കാരണമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാം ടെസ്റ്റ് നടക്കുന്ന മാഞ്ചസ്റ്ററില്‍ അല്ല കൊവിഡ് നിയന്ത്രണങ്ങള്‍ ആര്‍ച്ചര്‍ തെറ്റിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടെസ്റ്റിനുശേഷം സതാംപ്ടണില്‍ നിന്ന് കളിക്കാരെ കാറുകളിലാണ് 370  കിലോ മീറ്റര്‍ അകലെയുള്ള മാഞ്ചസ്റ്ററിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴിയില്‍ കാര്‍ എവിടെയും നിര്‍ത്താന്‍ പാടില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പമ്പുകളില്‍ നിന്ന് മാത്രമെ ഇന്ധനം നിറക്കാവൂ എന്നും ബയോ സുരക്ഷിതമായ കൗണ്ടി ഗ്രൗണ്ടില്‍ മാത്രമെ ഉച്ചഭക്ഷണത്തിനായി കാര്‍ നിര്‍ത്താവൂ എന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ ഇടക്ക് ബ്രൈട്ടനിലുള്ള തന്റ് വീട്ടിലേക്ക് ആര്‍ച്ചര്‍ കാര്‍ തിരിച്ചുവിട്ടുവെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ആര്‍ച്ചര്‍ മാഞ്ചസ്റ്ററിലെത്തിയത്. ബുധനാഴ്ച വൈകിട്ട് മാത്രമാണ് ഇംഗ്ലീഷ് ടീം മാനേജ്മെന്റ് ഇക്കാര്യം അറിഞ്ഞത്. ഇതിന് മുമ്പെ 13 അംഗ ടീമില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ചിരുന്നു.


മാഞ്ചസ്റ്ററില്‍ ടെസ്റ്റു തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) വ്യക്തമാക്കിയത്. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖലയാണ് ആര്‍ച്ചര്‍ ലംഘിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച ആര്‍ച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റുമെന്ന് ഇസിബി വ്യക്തമാക്കിയിരുന്നു . ഈ കാലയളവില്‍ രണ്ടു തവണ കോവിഡ് 19 പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാല്‍ മാത്രം ഐസൊലേഷനില്‍നിന്ന് പുറത്തു വരാമെന്നാണ് അറിയിപ്പ്.

പുറത്താക്കിയതിന് പിന്നാലെ ആര്‍ച്ചര്‍ ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു ''എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നു. എന്റെ പ്രവര്‍ത്തിയിലൂടെ എന്നെ മാത്രമല്ല, സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയുമാണ് ഞാന്‍ അപകടത്തിലാക്കിയത്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം എനിക്കു മാത്രമാണ്. ബയോ സെക്യുര്‍ ബബിളിനുള്ളിലുള്ള എല്ലാവരോടും ഒരിക്കല്‍ക്കൂടി മാപ്പു ചോദിക്കുന്നു.''  ആര്‍ച്ചര്‍ വ്യക്തമാക്കി. ''മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്ടമാകുന്നതില്‍ വേദനയുണ്ട്. പ്രത്യേകിച്ച് ടീം ഒരു ടെസ്റ്റ് തോറ്റുനില്‍ക്കുമ്പോള്‍. രണ്ട് ടീമുകളുടേയും ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണ് ഞാന്‍ ചെയ്തതെന്ന് തിരിച്ചറിയുന്നു. ഒരിക്കല്‍കൂടി എല്ലാവരോടും മാപ്പ്.'' ആര്‍ച്ചര്‍ പറഞ്ഞു.

ഒന്നാം ടെസ്റ്റില്‍ കളിച്ച ജയിംസ് ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡിനും വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ആര്‍ച്ചറിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മുഴുവന്‍. ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.