പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ആര്‍സിബി ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ധരിച്ചിരിക്കുന്ന പച്ച ജേഴ്സികൾ നിർമ്മിച്ചിരിക്കുന്നത്
ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പതിവ് ചുവപ്പു ജേഴ്സിക്ക് പകരം പച്ച ജേഴ്സി ധരിച്ചിറങ്ങി റോയല്‍ ചലവഞ്ചേഴ്സ് ബെംഗളൂരു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആരാധകർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഗ്രീന്‍ ഡേ ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ആര്‍സിബി ഡല്‍ഹിക്കെതിരെ ഗ്രീൻ ജേഴ്സിയിൽ ഇറങ്ങിയത്. 2011 മുതൽ ആര്‍സിബി പിന്തുരുന്ന പതിവാണ് ഇത്തവണയും തുടര്‍ന്നത്.
പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ആര്‍സിബി ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ധരിച്ചിരിക്കുന്ന പച്ച ജേഴ്സികൾ നിർമ്മിച്ചിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് ജേഴ്സി നിര്‍മിച്ചത്.
ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടി20 ടി20 ടീം കൂടിയാണ് ആർസിബി. മത്സരത്തിന് മുന്നോടിയായി ടോസ് സമയത്ത് ആർസിബി നായകൻ എതിർ ടീം ക്യാപ്റ്റന് ടീം പതാകയ്ക്ക് പകരം ഒരു വൃക്ഷ തൈയാണ് നല്‍കിയത് എന്നതും ഇന്നത്തെ മത്സത്തിന്‍റെ പ്രത്യേകതയാണ്. ടോസിനുശേഷം ആര്‍സിബി നായകന്‍ രജത് പാട്ടിദാർ ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേലിന് വൃക്ഷ തൈ സമ്മാനിച്ചു.
പരിസ്ഥിതി സംരക്ഷണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഞങ്ങൾ ഈ ജേഴ്സി ധരിക്കുന്നത്. ഭൂമിക്ക് ഗുണകരമായ ഹരിത തീരുമാനങ്ങൾ എടുക്കാൻ ഇത് എല്ലാവരെയും പ്രേരിപ്പിക്കുമെന്ന് തങ്ങൾ കരുതുന്നുവെന്ന് ടോസിനുശേഷം ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും പച്ച ജേഴ്സിയിൽ ആർസിബിക്ക് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഗ്രീൻ ജേഴ്സി ധരിച്ച് കളിച്ച 10 മത്സരങ്ങളില്‍ തോറ്റപ്പോള്‍ മൂന്ന് കളികളില്‍ മാത്രമാണ് ആര്‍സിബി ഇതുവരെ ജയിച്ചത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. 2011ല്‍ കൊച്ചി ടസ്കേഴ്സിനെതിരെ ആയിരുന്നു ആര്‍സിബി ആദ്യമായി പച്ച ജേഴ്സി ധരിച്ചിറങ്ങിയത്. 2023ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് അവസാനം പച്ച ജേഴ്സിയില്‍ ആര്‍സിബി ജയിച്ചത്.
