തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ ജയത്തിലൂടെ കേരളം ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി. പഞ്ചാബിനെതിരെ വലിയ സമ്മര്‍ദത്തിലാണ് മത്സരം കളിച്ചത്. എന്നാല്‍ വിജയിക്കാനായത് ആത്മവിശ്വാസം നല്‍കുന്നു. വരും മത്സരങ്ങളിൽ ടീം കൂടുതൽ മികച്ച പ്രകടനം നടത്തും എന്നും സച്ചിൻ ബേബി പറഞ്ഞു.

സക്‌സേന സക്‌സസ്; കേരളത്തിന് ത്രസിപ്പിക്കുന്ന ജയം 

രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിൽ ആദ്യജയമാണ് കേരളം സ്വന്തമാക്കിയത്. തുമ്പയിൽ നടന്ന മത്സരത്തിൽ കേരളം 21 റൺസിന് കരുത്തരായ പഞ്ചാബിനെ തോൽപിച്ചു. 146 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനെ 124 റൺസിന് പുറത്താക്കിയാണ് സച്ചിൻ ബേബിയും സംഘവും ജയം സ്വന്തമാക്കിയത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് കേരളത്തിന്റെ ആദ്യ ജയം. 

ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്‌സേനയുടെ മികവാണ് കേരളത്തിന് കരുത്തായത്. 23.1 ഓവറിൽ 71 റൺസ് വഴങ്ങിയാണ് ജലജ് സക്‌സേന ഏഴ് വിക്കറ്റ് വീഴ്‌ത്തിയത്. സിജോമോൻ ജോസഫ് രണ്ടും എം ഡി നിധീഷ് ഒരു വിക്കറ്റും നേടി. നിധീഷ് ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേടിയിരുന്നു. നേരത്തേ, അഞ്ച് വിക്കറ്റിന് 88 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം രണ്ടാം ഇന്നിംഗ്സിൽ 136 റൺസിന് പുറത്തായി. 31 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് ടോപ് സ്‌കോറർ. 

ആദ്യ ഇന്നിംഗ്സിൽ പുറത്താവാതെ 91 റൺസെടുത്ത കേരളത്തിന്റെ സൽമാൻ നിസാറാണ് മാൻ ഓഫ് ദ മാച്ച്. കേരളം അടുത്ത മത്സരത്തിൽ ഇതേഗ്രൗണ്ടിൽ രാജസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ ഡൽഹിയോട് സമനില വഴങ്ങിയ കേരളം ഗുജറാത്ത്, ബംഗാള്‍, ഹൈദരാബാദ് ടീമുകളോട് തോറ്റിരുന്നു.