ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ, വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയ, നാറ്റ് സൈവർ ബ്രണ്ട് എന്നിവരുടെ വെടിക്കെട്ടിലാണ് മുംബൈയുടെ ത്രസിപ്പിക്കുന്ന വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ യുപി വാരിയേഴ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വനിതകള്‍. എട്ട് വിക്കറ്റിനാണ് ഹർമനും കൂട്ടരും വിജയിച്ചത്. യുപി മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ടീം നേടി. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ, വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയ, നാറ്റ് സൈവർ ബ്രണ്ട് എന്നിവരുടെ വെടിക്കെട്ടിലാണ് മുംബൈയുടെ ത്രസിപ്പിക്കുന്ന വിജയം. 

ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. ഓപ്പണറും ക്യാപ്റ്റനുമായ ഇയാന്‍ ഹീലി ഫോം തുടർന്നപ്പോള്‍ സഹ ഓപ്പണർ ദേവിക വൈദ്യയെ നഷ്ടപ്പെട്ടിട്ടും യുപിക്ക് മികച്ച തുടക്കം കിട്ടി. ഹീലി 46 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 58 റണ്‍സെടുത്തു. ദേവിക ആറ് റണ്‍സുമായി മടങ്ങി. പിന്നാലെ 37 പന്തില്‍ 50 നേടിയ തഹ്‍ലിയ മഗ്രാത്ത് മാത്രമാണ് യുപിക്കായി തിളങ്ങിയത്. 17 റണ്‍സെടുത്ത കിരണ്‍ നവ്‍ഗൈറാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നിനും ദീപ്തി ശർമ്മ ഏഴിനും പുറത്തായപ്പോള്‍ സിമ്രാന്‍ ഷെയ്ഖ് ഒന്‍പതും ശ്വേത ശെഹ്രാവത്ത് രണ്ട് റണ്ണുമായും പുറത്താവാതെ നിന്നു. സൈക ഇഷാഖ് മൂന്നും അമേലി കേർ രണ്ടും ഹെയ്‍ലി മാത്യൂസ് ഒന്നും വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ സാവധാനം തുടങ്ങിയ ഹെയ്‍ലി മാത്യൂസ് 12ല്‍ മടങ്ങിയെങ്കിലും യാസ്തിക ഭാട്ടിയ, നാറ്റ് സൈവർ ബ്രണ്ട്, ഹർമന്‍പ്രീത് കൗർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈക്ക് ഗംഭീര ജയമൊരുക്കി. യാസ്തിക ഭാട്ടിയ 27 പന്തില്‍ 42 റണ്‍സുമായി മടങ്ങിയപ്പോള്‍ ഹർമനും(33 പന്തില്‍ 53*), നാറ്റും(31 പന്തില്‍ 45*) പുറത്താവാതെ നിന്നു. 

സഡന്‍ ഡെത്തില്‍ മുംബൈക്ക് മരണം; ബെംഗളൂരു എഫ്‍സി ഐഎസ്എല്‍ ഫൈനലില്‍