2011 ലോകകപ്പ് വിജയത്തിനിടയിലും താൻ അനുഭവിച്ച കഠിനമായ ക്യാൻസർ വേദനകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവുകളിലൊന്നിന്റെ കഥ പറയുകയാണ് മുന്‍ താരം യുവരാജ് സിംഗ്. തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍, രാജ്യം 2011ലെ ലോകകപ്പ് വിജയം ആഘോഷിക്കുമ്പോള്‍ താന്‍ അനുഭവിച്ച കഠിനമായ വേദനകളെക്കുറിച്ച് മൈക്കല്‍ വോണുമായുള്ള പോഡ്കാസ്റ്റില്‍ യുവരാജ് വെളിപ്പെടുത്തി. 2011 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പിയായി മാറുമ്പോഴും കഠിനമായ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും യുവരാജിനെ അലട്ടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തിന് മുന്നില്‍ അദ്ദേഹം സ്വന്തം ആരോഗ്യം അവഗണിച്ചു. ലോകകപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂമര്‍ ഉണ്ടെന്നും അത് അപൂര്‍വ്വമായ ഒരു കാന്‍സര്‍ ആണെന്നും തിരിച്ചറിഞ്ഞത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് യുവരാജ് ഓര്‍ത്തെടുത്തു.. ''നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലുള്ള രക്തക്കുഴലിലാണ് ട്യൂമര്‍. ഒന്നുകില്‍ നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാം, അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിക്കാം. കീമോതെറാപ്പി ചെയ്തില്ലെങ്കില്‍ 3 മുതല്‍ 6 മാസം വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്നായിരുന്നു ഡോക്ടറുടെ വാക്കുകള്‍.'' യുവരാജ് വിശദീകരിച്ചു.

ഈ വാക്കുകളാണ് തന്റെ ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവരാജ് പറയുന്നു. നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനായി ഒരു കാന്‍സര്‍ ഫൗണ്ടേഷന്‍ നടത്തുന്ന താന്‍ തന്നെ സ്വന്തം രോഗലക്ഷണങ്ങള്‍ അവഗണിച്ചു എന്നത് വിരോധാഭാസമായി തോന്നി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011-12 കാലഘട്ടത്തില്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശാരീരികമായും മാനസികമായും തകര്‍ന്നുപോയ നിമിഷങ്ങളുണ്ടായിരുന്നു.

ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് പലരും കരുതിയിരുന്നെങ്കിലും, നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തി. കാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞ യുവരാജിന്റെ ജീവിതം ഇന്നും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ്.

YouTube video player