ലണ്ടന്‍: രണ്ടാം ആഷസ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്തിനെ വീഴ്‌ത്തിയ ജോഫ്ര ആര്‍ച്ചറുടെ മരണബൗണ്‍സര്‍ ക്രിക്കറ്റ് ലോകത്തിന് വലിയ ആശങ്ക സമ്മാനിച്ചിരുന്നു. തലയില്‍ ഏറുകിട്ടി നിലത്തുവീണയുടനെ മൈതാനത്ത് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സ്‌മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഇതിന് പിന്നാലെ മരണബൗണ്‍സറിനെ ചൊല്ലി വലിയ ചര്‍ച്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടന്നത്. 

തന്‍റെ പ്രതികരണത്തില്‍ ആര്‍ച്ചറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍ ഉയര്‍ത്തിയത്. 'ബൗണ്‍സര്‍ ക്രിക്കറ്റിന്‍റെ ഭാഗമാണ്. ഒരു താരം ബൗണ്‍സറേറ്റ് വീണാല്‍ ബൗളര്‍ അടുത്തെത്തി വിവരങ്ങള്‍ തിരക്കുന്നതാണ് മാനുഷികം. എന്നാല്‍ സ്‌മിത്ത് വേദനകൊണ്ട് പിടയുമ്പോള്‍ ആര്‍ച്ചര്‍ തിരിഞ്ഞുനടക്കുകയാണ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ്സ്‌മാന് അരികില്‍ താന്‍ ആദ്യം ഓടിയെത്തിയിരുന്നു' എന്നായിരുന്നു അക്‌തറിന്‍റെ വാക്കുകള്‍.

അക്‌തറിന്‍റെ വിമര്‍ശനങ്ങളോട് ഇന്ത്യന്‍ മുന്‍ താരം യുവ്‌രാജ് സിംഗിന്‍റെ പ്രതികരണമിങ്ങനെ. ബൗണ്‍സറേറ്റ് പുളയുന്ന ബാറ്റ്സ്‌മാന്‍മാരുടെ അടുത്തെത്തി അക്‌തര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പേസറുടെ വാക്കുകള്‍ ആശ്വാസകരമായിരുന്നില്ല എന്നാണ് യുവിയുടെ മറുപടി. കരിയറില്‍ അതിവേഗത്തിലുള്ള ബൗണ്‍സറുകള്‍ കൊണ്ട് ബാറ്റ്സ്‌മാന്‍മാരെ വിറപ്പിച്ചിരുന്ന താരമാണ് അക്‌തര്‍.