നേപ്പാള്‍ 2016 മുതലും സിംബാബ്‌വെ ഈ വര്‍ഷം ജൂലൈ തൊട്ടും സസ്‌പെന്‍ഷനിലായിരുന്നു

ദുബായ്: സിംബാബ്‌വെയെയും നേപ്പാളിനെയും അംഗങ്ങളായി വീണ്ടും ഉള്‍പ്പെടുത്തി ഐസിസി. ദുബായില്‍ നടന്ന ഐസിസി ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. നേപ്പാള്‍ 2016 മുതലും സിംബാബ്‌വെ ഈ വര്‍ഷം ജൂലൈ തൊട്ടും സസ്‌പെന്‍ഷനിലായിരുന്നു.

സിംബാബ്‌വെന്‍ ക്രിക്കറ്റിനെ പുനരുജീവിപ്പിക്കാനുള്ള കായികമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് നന്ദിയറിക്കുന്നു. സിംബാബ്‌വെന്‍ ക്രിക്കറ്റിനോടുള്ള അവരുടെ പിന്തുണ വ്യക്തമാണ്. ഐസിസിയുടെ എല്ലാ മാനദണ്ഡങ്ങളും കായികമന്ത്രി അംഗീകരിച്ചു. സിംബാബ്‌വെന്‍ ക്രിക്കറ്റിനുള്ള ധനസഹായം നിയന്ത്രിതമായി തുടരുമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ഇതോടെ സിംബാബ്‌വെക്ക് ഐസിസി അണ്ടര്‍ 19 ലോകകപ്പിലും 2020ല്‍ നടക്കുന്ന ഐസിസി സൂപ്പര്‍ ലീഗിലും കളിക്കാം. ക്രിക്കറ്റ് ബോര്‍ഡിലെ ഭരണകൂട ഇടപെടലിനെ തുടര്‍ന്നാണ് നേപ്പാളിനെയും ഐസിസി വിലക്കിയത്. ഇരു രാജ്യങ്ങള്‍ക്കമുള്ള എല്ലാ സഹായവും ഐസിസി നിര്‍ത്തലാക്കിയിരുന്നു. ഐസിസി നിയമപ്രപകാരം ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. 

പ്രഥമ ഐസിസി അണ്ടര്‍ 19 വനിത ലോകകപ്പ് 2021ല്‍ നടത്താനും ഐസിസി ബോര്‍ഡ് യോഗം തീരുമാനമെടുത്തു. രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് ലോകകപ്പ് അരങ്ങേറുക. ബംഗ്ലാദേശാണ് ആദ്യ ലോകകപ്പിന് വേദിയാവുക.