ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ സിംബാബ്‌വെ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സിംബാബ്‌വെയ്ക്ക് അട്ടിമറി ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ 17.4 ഓവറില്‍ 80 റണ്‍സിന് സിംബാബ്‌വെ പുറത്താക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രാഡ് ഇവാന്‍സ്, സിക്കന്ദര്‍ റാസ എന്നിവരാണ് ശ്രീലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 14.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതിടെ മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

സ്‌കോര്‍ പിന്തുടരുന്നതിനിടെ പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ സിംബാബ്‌വെയ്ക്ക് നഷ്ടമായെങ്കിലും റയാന്‍ ബേണ്‍ (22 പുറത്താവാതെ 20), തഷിങ്ക മ്യൂസ്‌കിവ (14 പന്തില്‍ പുറത്താവാതെ 21) എന്നിവരുടെ ഇന്നിംഗ്‌സ് വിജയം സമ്മാനിക്കുകയായിരുന്നു. തദിവനാഷെ മരുമാനി (17) - ബ്രയാന്‍ ബെന്നറ്റ് (19) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 20 റണ്‍സ് മാത്രമാണ് ചേര്‍ത്തത്. നാലാം ഓവറില്‍ മരുമാനിയെ പുറത്താക്കി ദുശ്മന്ത ചമീര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ സീന്‍ വില്യംസിനേയും (0) ചമീര മടക്കി.

ആറാം ഓവറില്‍ സിക്കന്ദര്‍ റാസയുടെ (2) വിക്കറ്റും ചമീര വീഴ്ത്തിയതോടെ മൂന്നിന് 27 എന്ന നിലയിലായി സിംബാബ്‌വെ. ബെന്നറ്റ്, ടോണി മുന്ന്യോഗ (3) എന്നിവര്‍ മടങ്ങിയെങ്കിലും ബേള്‍ - മ്യൂസ്‌കിവ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ശ്രീലങ്കന്‍ നിരയില്‍ കാമില്‍ മിഷാര (20), ചരിത് അസലങ്ക (18), ദസുന്‍ ഷനക (15) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. പതും നിസ്സങ്ക (8), കുശാല്‍ (1), നുവാനിഡു ഫെര്‍ണാണ്ടോ (1), കാമിന്ദു മെന്‍ഡിസ് (0) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

YouTube video player