ലണ്ടന്‍: ലോകകപ്പ് നോക്കൗട്ടുകളിൽ മുൻനിര കൈവിടുമ്പോൾ ഓസീസ് ഇന്നിംഗ്സിനെ ചുമലിലേറ്റുന്ന പതിവ് തുടർന്നു സ്റ്റീവ് സ്മിത്ത്. തുടർച്ചയായി നാല് മത്സരങ്ങളിലാണ് സ്റ്റീവ് സ്മിത്ത് 50ന് മുകളിൽ സ്കോർ ചെയ്തത്.

ഈ ലോകകപ്പിൽ ഓസീസ് ഇന്നിംഗ്സിന്‍റെ നട്ടെല്ലായിരുന്നു നായകൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇരുവർക്കും പിഴച്ചപ്പോൾ പ്രതിരോധത്തിലായി കങ്കാരുക്കൾ. ഇതോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ട ചുമതല മുൻ നായകൻ സ്റ്റീവ് സമിത്തിനായി. ഇംഗ്ലീഷ് പേസർമാരെ നന്നായി ചെറുത്തു. സ്ട്രൈക്ക് കൈമാറി, മോശം ബോളുകളെ അതിർത്തി കടത്തി. മധ്യനിരയുടെ ദൗത്യം നിറവേറ്റി സ്റ്റീവ് കരുത്ത് കാട്ടിയപ്പോള്‍ 119 പന്തിൽ 85 റണ്‍സ്. 

ഇതാദ്യമായല്ല സ്റ്റീവ് സ്മിത്ത് നോക്കൗട്ടിൽ ഓസീസ് സ്വപ്നങ്ങളെ ചിറകിലേറ്റിയത്. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയ കപ്പടിച്ചപ്പോൾ തിളങ്ങിയത് സ്റ്റീവ് സ്മിത്ത്. ക്വാർട്ടറിൽ പാകിസ്ഥാനെതിരെ 65 റണ്‍സ്. സെമിയിലെത്തിയപ്പോൾ ഇന്ത്യക്കെതിരെ വിശ്വരൂപം കാട്ടി 105 റൺസുമായി കളിയിലെ താരമായി. ഫൈനലിൽ ന്യൂസീലൻഡിനെതിരെയും മികവു കാട്ടിയപ്പോള്‍ പുറത്താകാതെ 56 റൺസ്.

ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ ലോകകപ്പ് നോക്കൗട്ടുകളിൽ തുടർച്ചയായി അമ്പതിലധികം റൺസ് തേടുന്ന താരമെന്ന നേട്ടത്തിലുമെത്തി സ്റ്റീവ് സ്മിത്ത്.