ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഡബിള്‍ സെഞ്ചുറി. 281 പന്തില്‍ 200 റണ്‍സെടുത്ത കൊഹ്‌ലിയുടെയും അര്‍ധസെ‌ഞ്ചുറിയുമായി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയ ആര്‍ അശ്വിന്റെയും(64 നോട്ടൗട്ട്) ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെന്ന ശക്തമായ നിലയിലാണ്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ അശ്വിന്‍-കൊഹ്‌ലി സഖ്യം ഇതുവരെ 168 റണ്‍സടിച്ചിട്ടുണ്ട്.

കരിയറിലെ ആദ്യ ഡബിള്‍ തികച്ച കൊഹ്‌ലി മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലെഴുതി. ടെസ്റ്റില്‍ വിദേശമണ്ണില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ ഡബിള്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കൊഹ്‌ലി ആദ്യ ഡബിള്‍ തികച്ചത് രാജ്യാന്തര ക്രിക്കറ്റിലാണെന്നത് ശ്രദ്ധേയമായി. 24 ബൗണ്ടറികള്‍ അടങ്ങുന്നതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്സ്.

മറുവശത്ത് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയ അശ്വിന്‍ 64 റണ്‍സുമായി ഓള്‍ റൗണ്ടര്‍ എന്ന വിശേഷണം ശരിവെയ്ക്കുന്ന പ്രകടനം പുറത്തെടുത്തു.