കൊച്ചി: ഫ്ലാറ്റിൽ നിന്ന് പത്തു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സിനിമ മേക്കപ്പ് മാനെന്നവകാശപ്പെട്ട യുവാവടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേൽ റഹീസ്, മരട് മറുതുരുത്തിൽ അഖിലേഷ് എന്നിവരെയാണ് ഫ്ലാറ്റിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്. 

റഹീസ് സിനിമാ രംഗത്ത് മേക്കപ്പ് മാനാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം ശരിയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തമ്മനം വൈലാശ്ശേരി റോഡിലുള്ള ഫ്ലാറ്റിലായിരുന്നു കഞ്ചാവ് കച്ചവടം. 

ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മുറിയിൽ ഈ സമയം പത്തു കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയ്ഡിനിടെ രണ്ടു കിലോ കഞ്ചാവ് വാങ്ങാനാണ് അഖിലേഷ് എത്തിയത്.

അഖിലേഷ് മുമ്പ് സ്വിഗ്ഗിയിൽ ജോലി നോക്കിയിരുന്നു. കോയമ്പത്തൂരിൽ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തൻ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കോയമ്പത്തൂർ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവർക്കും റഹീസ് കഞ്ചാവ് വിൽപ്പന നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.