കായംകുളം: പൂട്ടിക്കിടന്ന വീടിനുള്ളിൽ 10 വയസുകാരനെ   മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതിയിൽ വാടകയ്ക്ക് താമസിക്കുന്ന ശാലിനി (സുൽഫത്ത് ) മുഹമ്മദ് അനസ്സ് ദമ്പതികളുടെ മകൻ മുഹമ്മദ് അൻസിൽ (10) നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമ്മ വീട്ടിൽ ഇല്ലായിരുന്ന സമയത്ത്  തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കാണപ്പെട്ടത്. പൂട്ടിക്കിടന്ന വീട്ടിൽ അനുജൻ മുഹമ്മദ് അജിനും( 5) ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഇരുവരും വീട്ടിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷം ശേഷം അജിൻ ഉറങ്ങുകയും ചെയ്തു. 

പിന്നീട് ഉണർന്നപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ ജ്യേഷ്ടനെ കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച അൻസിൽ പത്തിയൂർ ഗവ.ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ അടുത്തിടെയാണ് ചേർത്തത്. അമ്മ ശാലിനി മക്കളെ രണ്ട് പേരെയും വീടിനുള്ളിലാക്കി പൂട്ടിയിട്ട ശേഷം കല്ല്യാണത്തിന് തൃശ്ശൂരിൽ  പോയിരിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ശാലിനിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഏറെക്കാലമായി ശാലിനി ആദ്യ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. 

കുട്ടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കരീലകുളങ്ങര സിഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  അന്വേഷണം ആരംഭിച്ചു.