ഭോപ്പാൽ: മധ്യപ്രദേശിലെ ധിണ്ടോരി ജില്ലയിൽ 11 കാരിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന വാദം കുടുംബം അഗീകരിച്ചില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

പെൺകുട്ടിയേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സ്കൂളിൽ നിന്ന് കണ്ടെത്തി. "എനിക്കൊരു ടീച്ചറാകണം എന്നാണ് ആഗ്രഹം. ഞാനെന്റ് രക്ഷിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഈ സ്ഥലം എനിക്കിഷ്ടമല്ല. എനിക്ക് ഇവിടെ നിന്ന് മാറ്റം വേണം. ഒരു നരകമായാണ് എനിക്കിവിടെ എത്തിപ്പെട്ടത് മുതൽ തോന്നുന്നത്," കുറിപ്പിൽ പറയുന്നു.

വസ്ത്രത്തോടൊപ്പമുള്ള ഷോളിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കോംപൗണ്ടിൽ തന്നെയുള്ള ഹോസ്റ്റലിലെ ശുചിമുറിയോട് ചേർന്ന ഭാഗത്തെ ഏണിപ്പടിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളും സ്ക‌ൂൾ അധികൃതരും പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ഇവരൊക്കെ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത് എങ്ങിനെ കണ്ടുവെന്നാണ് കുടുംബം ചോദിച്ചത്. പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കുടുംബം പറഞ്ഞു.