മലപ്പുറം: ചേളാരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികള കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അച്ഛൻ അടക്കം മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പെൺകുട്ടിയുടെ അച്ഛൻ, ചേളാരി സ്വദേശി അറഫ്, ചിനക്കലങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് കേസില്‍ ഇതുവരെ പിടിയിലായിട്ടുള്ളത്.

കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളേയും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അച്ഛന്‍റെ സഹായത്തോടെ കഴിഞ്ഞ രണ്ട് വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. അറസ്റ്റിലായ മൂന്നുപേര്‍ക്കും പുറമേ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് തിരൂരങ്ങാടി പൊലീസ് പറഞ്ഞു. അവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പ്രതികളെ കണ്ടെത്തുന്നതിന് പെൺകുട്ടിയില്‍ നിന്ന് വീണ്ടും പൊലീസ് മൊഴിയെടുക്കും. സ്കൂള്‍ അധ്യാപികമാര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഏഴാം ക്ലാസുകാരിക്കു നേരെ മാസങ്ങളായി നടന്നുവന്നിരുന്ന പീഡനം പുറത്തറിഞ്ഞത്.