മിര്‍സാപുര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സിആര്‍പിഎഫ് ജവാനും മുന്‍ ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് ലോഗോ പതിപ്പിച്ച വാഹനത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഹാലിയ പൊലീസ് ഇന്‍സ്പെക്ടര്‍ ദേവീവെര്‍ ശുക്ല പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ജയിലറുടെ മകന്‍ ജയ് പ്രകാശ് മൗര്യ തന്‍റെ സഹോദരിയെ കാണാനായി നിരവധി തവണ പെണ്‍കുട്ടിയുടെ ഗ്രാമമായ ഹലിയയില്‍ എത്തിയിരുന്നു. പലതവണ അവിടെ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹ്യദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഗ്രാമാതിര്‍ത്തിയിലുള്ള പ്രദേശത്തേക്ക് ഇയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെന്നും ഇതേസമയം ജയ് പ്രകാശിനൊപ്പം മറ്റ് മൂന്നുപേരും കാത്തുനില്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ വിജനമായ സ്ഥലത്തെത്തിച്ച ശേഷം നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജയ് പ്രകാശ് മൗര്യയുടെ കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കാറില്‍ പൊലീസ് ലോഗോ എങ്ങനെ വന്നു എന്നത് അന്വേഷിക്കുകയാമെന്ന് പൊലീസ് അറിയിച്ചു. ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തിരികെ ഹലിയയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടി അലറി കരഞ്ഞു. ഇതുകേട്ട ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നാലുപേരെയും പെണ്‍കുട്ടിയെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിന്നീട് അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി മിര്‍സാപുര്‍ പൊലീസ് സൂപ്രണ്ട് ധര്‍മ് വീര്‍ പറഞ്ഞു.