കൊച്ചി: കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയിരുന്ന സംഘത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കേസിലുൾപ്പെട്ട കുട്ടികൾ പലപ്പോഴും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ലഹരി ഉപയോഗം പുറത്തു പറഞ്ഞതിനാണ് സുഹൃത്തുക്കൾ മർദ്ദിച്ചതെന്ന് പരുക്കേറ്റ കുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് സുഹൃത്തുക്കളിൽ ഒരാളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻറെ നിഗമനം. ഇതേത്തുടർന്നാണ് കുട്ടികൾക്ക് ലഹരി മരുന്ന് ലഭിക്കുന്ന വഴികളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

പൊലീസ് കസ്റ്റഡിയിൽ കുട്ടികൾക്ക് മർദ്ദനമേറ്റെന്ന പ്രചാരണത്തിനു പിന്നിൽ ലഹരി മാഫിയ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഗ്ലാസ് ഫാക്ടറി കോളനിയിൽ എക്സൈസിൻറെ സഹകരണത്തോടെ പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റിട്ടില്ലെന്ന് സിസിടിവി പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു വരുത്തി. 

ഭക്ഷണം കഴിക്കുന്ന ഫോട്ടോയും പുറത്തുവിട്ടു. ഇതിനിടെ മർദ്ദനമേറ്റയാൾ സുഹൃത്തുക്കളിൽ ഒരാളുടെ സഹോദരിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലും അന്വേഷണം തുടങ്ങി. കുട്ടികൾ മുമ്പ് ഏർപ്പെട്ടിട്ടുള്ള പ്രവൃത്തികൾ സംബന്ധിച്ചും കുടുംബപശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുമുള്ള റിപ്പോർട്ട് പൊലീസ്  തിങ്കളാഴ്ച ജ്യൂവനൈൽ ജസ്റ്റീസ് ബോർഡിനു കൈമാറും.