ലക്നൗ: കളിക്കുന്നതിനിടെ തെറിച്ചുപോയ പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്ന 17കാരനുനേരെ വീട്ടുടമയുടെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തു. അരവിന്ദ് കുമാര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്.  അരവിന്ദിനെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

വ്യവസായിയായ ചന്ദ്രപ്രകാശ് അഗര്‍വാളിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവെയാണ് അപകടം. ബാലന്‍റെ അച്ഛന്‍റെ പരാതിയില്‍ കേസെടുത്തെന്ന് ഗോരഖ്നാഥ് പൊലീസ് അറിയിച്ചു. വ്യവസായിയുടെ സുരക്ഷ ജീവനക്കാരനായ സുമിത് സിംഗ് എന്നയാളാണ് വെടിവെച്ചതെന്നും പരാതിയില്‍ പറയുന്നു.